Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപാചക വാതക...

പാചക വാതക ക്ഷാമത്തിലേക്ക്; ഏജൻസികൾക്കു മുന്നിൽ തിരക്ക്

text_fields
bookmark_border
പാചക വാതക ക്ഷാമത്തിലേക്ക്; ഏജൻസികൾക്കു മുന്നിൽ തിരക്ക്
cancel

പുൽപള്ളി: ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചതിനെ തുടർന്നുണ്ടായ ഗൾഫ് പ്രതിസന്ധി മൂലമുള്ള പാചകവാതക ക്ഷാമം വയനാട്ടിലേക്കും. വയനാടും പാചക വാതക ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ആശങ്ക മൂലം ജില്ലയിലെ പാചക വാതക വിതരണ ഏജൻസികൾക്കുമുന്നിൽ തിക്കുംതിരക്കുമാണ്. വ്യാഴാഴ്ച പലയിടങ്ങളിലും ഗ്യാസ് ഏജൻസി ഓഫിസിൽ രാവിലെ മുതൽ ആളുകളുടെ നീണ്ടനിര കാണാമായിരുന്നു.

പുൽപള്ളിയിൽ ഭാരത് ഗ്യാസിന്റെ ഓഫിസിൽ മൂന്ന് ലോഡ് പാചക വാതകമാണ് കഴിഞ്ഞ ദിവസം എത്തിയത്. എന്നാൽ ബുക്ക് ചെയ്തവർ ഇതിന്റെ ഇരട്ടിയിലധികമായിരുന്നു. പലർക്കും ഗ്യാസ് ലഭിച്ചില്ല. എല്ലാ ദിവസവും പാചക വാതകം ലഭിക്കാറുണ്ടെന്നായിരുന്നു നടത്തിപ്പുകാർ പറയുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു ദിവസവും ഇതുണ്ടായില്ല.

ഇതാണ് തിരക്കിന് കാരണമായത്. വീട്ടാവശ്യങ്ങൾക്കുള്ള പാചക വാതകം മാത്രമാണ് ഇപ്പോൾ വിതണം ചെയ്യുന്നത്. ഹോട്ടലുകളുടെ പ്രവർത്തനം പലയിടങ്ങളിലും മുടങ്ങിത്തുടങ്ങിയിട്ടുണ്ട്. വിറകിനും വില ഉയർന്നുതുടങ്ങി. പലയിടത്തും ഇൻഡക്ഷൻ കുക്കറുകൾക്ക് ആവശ്യക്കാർ ഏറിയിട്ടുണ്ട്.

സിലിണ്ടർ വിതരണം ക്രമപ്പെടുത്താൻ കർശന നിർദേശം

കൽപറ്റ: ജില്ലയിലെ പാചകവാതക സിലിണ്ടറുകളുടെ വിതരണം സുഗമമാക്കുന്നതിനായി എല്ലാ ഗ്യാസ് ഏജൻസികളും സഹകരിക്കണമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. ഗാർഹികവും ഗാർഹികേതരവുമായ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന ഗുണഭോക്താക്കൾക്ക് സമയബന്ധിതമായി ഡെലിവറി നൽകുന്നതിന് പ്രത്യേക ശ്രദ്ധപുലർത്തണമെന്ന് ഏജൻസികൾക്ക് നിർദേശം നൽകി.വീടുകളിലേക്ക് നേരിട്ട് സിലിണ്ടർ എത്തിച്ചുനൽകുന്നതിന് ഏജൻസികൾ ഡെലിവറി ബോയ്‌സിന് കർശന നിർദേശം നൽകണം. വീടുകളിൽ എത്തിക്കാതെ വഴിയരികിൽ കൂട്ടമായി സൂക്ഷിച്ചിട്ടുള്ള സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ബന്ധപ്പെട്ടവർക്കെതിരെ ഗാർഹിക പാചകവാതക വിതരണ നിയമപ്രകാരം നടപടി സ്വീകരിക്കുകയും ചെയ്യും. ഗാർഹിക ആവശ്യങ്ങൾക്ക് അനുവദിച്ച സിലിണ്ടറുകൾ ഗാർഹികേതര ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ജില്ല സപ്ലൈ ഓഫിസർ, താലൂക്ക് സപ്ലൈ ഓഫിസർമാർ, റേഷനിങ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ പൊതു വിപണികളിൽ കർശന പരിശോധന നടത്തും.

സെർവർ തകരാർ; പാചക വാതക ബുക്കിങ് മുടങ്ങി, ആശങ്ക വേണ്ടെന്ന് ഏജൻസികൾ

മാനന്തവാടി: പശ്ചിമേഷ്യൻ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ പാചക വാതകം മുടങ്ങുമെന്ന ആശങ്കയിൽ ഉപഭോക്താക്കൾ കൂട്ടത്തോടെ ഗാർഹിക പാചക വാതക ബുക്കിങിന് ശ്രമം തുടങ്ങി. ഇതോടെ സർവറുകൾ കൂട്ടത്തോടെ പണിമുടക്കി. ഇത് വിതരണക്കാരും ഉപഭോക്താക്കളും ഒരുപോലെ പ്രതിസന്ധിയിലാകാൻ ഇടയാക്കി. നിലവിൽ ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് ക്ഷാമമില്ലെന്നും എന്നാൽ രണ്ട് ദിവസമായി വാണിജ്യ പാചക വാതക വിതരണം നിലച്ചിരിക്കുകയാണെന്നും ഏജൻസികൾ സാക്ഷ്യപ്പെടുത്തുന്നു. ഇൻഡ്യേൻ, എച്ച്.പി, ഭാരത് പെട്രോളിയം എന്നിവയുടെ 14 ഏജൻസികളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ദിനംപ്രതി 342 വീതം 4788 സിലിണ്ടറുകളാണ് ജില്ലയിൽ എത്തുന്നത്. ഇത് മുടക്കമില്ലാതെ എത്തുന്നുണ്ട്. ജനങ്ങൾ ഭയചികതരായി ഒന്നിച്ച് ബുക്കിങിന് ശ്രമിക്കുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് അധികൃതർ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newslpgWayanad NewsKerala News
News Summary - lpg shortage
Next Story