പിഎം ശ്രീയെ പഠിച്ചുതീരാതെ ഉപസമിതി; കേരളത്തിന് പിന്മാറാനാവില്ലെന്ന നിലപാട് ആവർത്തിച്ച് സതീശൻ
text_fieldsതിരുവനന്തപുരം: പി.എം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായുള്ള ധാരണപത്രത്തില്‍നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.
‘അങ്ങനൊരു നിബന്ധന അതിലുണ്ട്. ധാരണപത്രത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിനു മാത്രമേ അധികാരമുള്ളൂ. അതിപ്പോഴും നിലനില്‍ക്കുകയാണ്. നിലവില്‍ പി.എം ശ്രീ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉപസമിതിയുടെ പരിഗണനയിലാണ്.’ -അദ്ദേഹം മന്ത്രിസഭാ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്കൃത സര്‍വകലാശാലയിലെ വിദ്യാർഥികളുടെ വിഷയം കോടതിയുടെ മുമ്പിലാണ്. അതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. പരീക്ഷ എഴുതുന്നതിന് എതിരല്ല, കുട്ടികള്‍ പരീക്ഷ എഴുതണം എന്നുള്ള അഭിപ്രായക്കാരനാണ് ഞാന്‍. പിന്നെ സമരം ചെയ്തതിന്റെ പേരില്‍ ഒരു പണിഷ്മെന്റ് ഒക്കെ കൊടുക്കാം. അവര്‍ ശവസംസ്കാരം നടത്തിയതിനല്ല സസ്പെന്ഷന്.
അവര്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ കടന്ന് വി.സിയെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും ആക്രമിച്ചു. അതിന്റെ വിഷ്വല്‍ ഇല്ലാതെ പോയി. അതിനാണ് നടപടി എടുത്തത്. ഇപ്പോള്‍ ഞാന്‍ ആ വിദ്യാഭ്യാസ വിചക്ഷണന്മാരുടെ, യൂനിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലര്‍ അടക്കമുള്ള ആളുകളുടെ സംയുക്ത പ്രസ്താവനയൊക്കെ ശ്രദ്ധയില്‍പ്പെട്ടു.
ആ വൈസ് ചാന്‍സലര്‍ ഇരിക്കുമ്പോള്‍ കെ.എസ്.യുക്കാരായ കുട്ടികള്‍ എസ്.എഫ്.ഐയുമായി സംഘര്‍ഷമുണ്ടായി. ആ കുട്ടികളെ ഒമ്പത് മാസത്തോളം സസ്പെന്‍ഡ് ചെയ്തു. അവസാനം ഡിസ്മിസ് ചെയ്തു. അപ്പോള്‍ ഒരു ഇന്റലക്ച്വല്‍സും ഉണ്ടായില്ല ചോദിക്കാന്‍. പരീക്ഷ പോയിട്ട് പഠിക്കാന്‍ അനുവദിച്ചില്ല.
ആ മുന്‍ വി.സി അടക്കമുള്ളവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. നിങ്ങള്‍ ഒന്ന് അന്വേഷിച്ചു നോക്ക്. നിങ്ങള്‍ ഇത്രയും കാര്യങ്ങളൊക്കെ കൊണ്ടുവരുമ്പോള്‍ ഇതൊക്കെ നോക്കണം -മുഖ്യമന്ത്രി പറഞ്ഞു.
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായതിനു കാരണം മന്ത്രി അറിയാതെതന്നെ ഡെപ്യൂട്ടി കമീഷണര്‍ക്കും കമീഷണര്‍ക്കും കൂടി ബാര്‍ ലൈസന്‍സ് കൊടുക്കാവുള്ള സൗകര്യം കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ചെയ്തുവച്ചതു കാരണമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അത് മാറ്റും. ഗവണ്മെന്റ് അറിയാതെ ഒന്നും ഒരു ബാറും കൊടുക്കില്ല. അങ്ങനെ കൊടുക്കാന്‍ പാടില്ല. നമുക്ക് അതിനകത്തൊരു നിയന്ത്രണം വേണ്ടേ. ഈ ഗവണ്മെന്റിന്റെ ലിക്വര്‍ പോളിസി വന്നുകഴിയുമ്പോള്‍ ആ ലിക്വര്‍ പോളിസിക്ക് അനുസരിച്ചേ ബാര്‍ കൊടുക്കാന്‍ പാടുള്ളൂ. ഗവണ്മെന്റ് അറിഞ്ഞുകൊണ്ട് ചെയ്താല്‍ മതി -അദ്ദേഹം കൂട്ടിച്ചേർത്തു.

