ഇൻസ്റ്റയിൽ പേരിനൊപ്പം ‘ബി.ജെ.പി’; ഗവർണർ ഓം പ്രകാശ് മാഥൂറിനെതിരെ രാഷ്ട്രപതിക്ക് പരാതി
text_fieldsതിരുവനന്തപുരം: പേരിനൊപ്പം പാർട്ടിയുടെ പേര് ചേർത്തതിന് സംസ്ഥാനത്തിന്റെ ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലയിലെ എസ്.എഫ്.ഐയുടെ സെക്രട്ടറി നന്ദനാണ് ഗവർണർ ഓം പ്രകാശ് മാഥൂറിനെതിരെ പരാതി നൽകിയത്. ഗവർണർ തന്റെ ഇൻസ്റ്റഗ്രാം പേജിലെ പേരിനൊപ്പം ബി.ജെ.പി എന്ന് ചേർത്തത് അനൗചിത്യമാണെന്നാണ് പരാതിയിൽ പറയുന്നത്. ഗവർണറായി ചുമതലയേറ്റതിനു ശേഷവും ഇൻസ്റ്റഗ്രാം ഐ.ഡിയിൽ മാറ്റം വരുത്താത്തതാണ് ചർച്ചകൾക്ക് വഴിവെച്ചത്.
ഗവർണർ പദവി ഒരു ഭരണഘടനാപരമായ നിഷ്പക്ഷ പദവിയാണ്. ആ സ്ഥാനത്തിരിക്കുന്ന വ്യക്തി സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ പേര് ഉപയോഗിക്കുന്നത് ഉചിതമായ കാര്യമല്ല എന്നതാണ് വിമർശനം. ഇ-മെയിൽ മുഖേനെയാണ് രാഷ്ട്രപതിക്ക് പരാതി കൈമാറിയത്.
2026 ഒക്ടോബർ 23നാണ് ആർ ലേക്കറിന് പകരം ഓംപ്രകാശ് മാഥൂർ കേരളത്തിന്റെ പുതിയ ഗവർണറായി ചുമതലയേറ്റത്. പുതിയ ഗവർണറായി ചുമതലയേറ്റ ഓം പ്രകാശ് മാഥൂർ മുമ്പ് ആർ.എസ്.എസ് പ്രചാരകനും ബി.ജെ.പി ദേശീയ ഉപാധ്യക്ഷനുമായിരുന്നു.

