വിടവാങ്ങിയത് യുഎഇ രാഷ്ട്രത്തലവന്റെ പ്രത്യേക ഉപദേഷ്ടാവിന്റെ പേര് സ്വന്തമാക്കിയ മലയാളി
text_fieldsമഹമൂദ് ഹാജി ഡോ. മാനിഅ് ബിൻ സഈദ് അൽ ഒത്തൈബയോടൊപ്പം
പഴയങ്ങാടി: 1960കളിൽ കടൽ കടന്ന് യു.എ.ഇയുടെ ഭരണസിരാ കേന്ദ്രങ്ങളുടെ അമരത്തിരുന്ന ഉപദേഷ്ടാവിന്റെ പേഴ്സനൽ സ്റ്റാഫിലെ പ്രമുഖനായിരുന്നു കഴിഞ്ഞ ദിവസം മാട്ടൂലിൽ നിര്യാതനായ 86കാരനായ പി.പി. മഹമൂദ് ഹാജി. യു.എ.ഇ രാഷ്ട്രത്തലവന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. മാനാ സഈദ് അൽ ഒത്തൈബയുടെ പേര് തന്റെ പേരിനോടാപ്പം ചേർത്തുവെക്കപ്പെട്ട മലയാളി- മാനാ മഹമൂദ്.
മത, സാമൂഹിക, ജീവ കാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു മഹമൂദ് ഹാജി. സുന്നി സെന്റർ, കെ.എം.സി.സി എന്നിവയുടെ പുരോഗതിയിലും വളർച്ചയിലും പങ്കുവഹിച്ച അദ്ദേഹം മാട്ടൂൽ വേദാമ്പ്രം ജുമാ മസ്ജിദിന്റെയും നജാത്തുൽ ഈമാൻ സുന്നി മദ്റസയുടെയും ഭാരവാഹിത്വം വഹിച്ചു.
ഇർഫാനിയ ജൂനിയർ അറബിക് കോളജ്, നജാത്ത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ വളർച്ചയിലും ഇദ്ദേഹത്തിന് നിർണായക പങ്കുണ്ട് .
അറബ് വസ്ത്രധാരണത്തോടെ സുേസ്മര വദനനായ മഹമുദ് ഹാജി 1960 കളിലെ ആദ്യകാല പ്രവാസികളിൽ ശ്രദ്ധേയനാണ് . 70കളിൽ അബൂദബി പെട്രോളിയം മന്ത്രിയായിരുന്ന മാനാ സഈദ് അൽ ഒത്തൈബയുടെ പേഴ്സണൽ സ്റ്റാഫിൽ പ്രമുഖനായി പതിറ്റാണ്ടുകൾ സേവനമനുഷ്ഠിച്ചതിലൂടെ മാന മഹമൂദ് എന്ന പേരിൽ പ്രശസ്തനായി. മാനാ സഈദ് അൽ ഒത്തൈബ, കുടുംബാംഗത്തെ പോലെ മഹമൂദിന്പരിഗണന നൽകിയിരുന്നു .
1971ൽ അബൂദബി എമിറേറ്റിന്റെ പെട്രോളിയം മന്ത്രിയായും തുടർന്ന് യു.എ.ഇയുടെ പെട്രോളിയം, ധാതുവിഭവ മന്ത്രിയായും പിന്നീട് യു.എ.ഇ പ്രസിഡന്റുമാരുടെ ഉപദേഷ്ടാവായും പ്രവർത്തിച്ച ഡോ. മാനാ സഈദ് അൽ ഒത്തൈബ ഇപ്പോൾ യു. എ. ഇ. രാഷ്ട്രത്തലവന്റെ പ്രത്യേക ഉപദേഷ്ടാവാണ്.
1971 മുതൽ 1983 വരെ ആറു തവണ ഒപേക് സമ്മേളനത്തിന്റെ അധ്യക്ഷനായ സഈദ് അൽ ഒത്തൈബയെ നിരവധി രാഷ്ട്രങ്ങളിൽ അനുഗമിച്ചിരുന്നത് മഹമൂദ് ഹാജിയാണ്. വിയോഗ വാർത്തയറിഞ്ഞയുടൻ അതീവ ദുഃഖത്തോടെ മാനാ സഈദ് അൽ ഒത്തൈബ
അനുശോചനമറിയിച്ചു. അറബിയിലും ഇംഗ്ലീഷിലുമായി 42-ലേറെ കവിതാസമാഹാരങ്ങളുടെ കർത്തവായ ഡോ. മാനാ സഈദ് അൽ ഒത്തൈബ അറബി ഭാഷയിൽ കവിതയെഴുതിയാണ് മഹമുദിന്റെ അനുസ്മരണ കുറിപ്പ് പ്രകാശിപ്പിച്ചത് .
മഹമൂദ് ഹാജിയുടെ നിര്യാണത്തിൽ യു .എ .ഇ . രാഷ്ട്രത്തലവന്റെ പ്രത്യേക ഉപദേഷ്ടാവ്മാനിഅ് ബിൻ സഈദ് അൽ ഒത്തൈബ യുടെ അനുശോചന കുറിപ്പും അനുസ്മരണ കവിതയും
" എല്ലാവരും വിശ്രമിക്കുമ്പോഴും ജാഗ്രതയോടെ കാവൽക്കാരനെപ്പോലെ മഹമൂദ് നിലകൊണ്ടു.
ജീവനക്കാരെല്ലാം ഉറങ്ങുമ്പോഴും അദ്ദേഹം തന്റെ ഉത്തരവാദിത്വങ്ങളിൽ വ്യാപൃതനായിരുന്നു.
വരുന്നവരെ സ്വീകരിച്ചും പോകുന്നവരെ യാത്രയാക്കിയും മഹമൂദ് എപ്പോഴും സജീവമായിരുന്നു.
മഹമൂദിന്റെ സേവനവും അധ്വാനവും ഒരിക്കലും വിസ്മരിക്കാനാവില്ല" എന്ന് കവിയും സാഹിത്യകാരനുമായ പ്രഫസർ ഡോ. മാനിഅ് ബിൻ സഈദ് അൽ ഉതൈബ അനുസ്മരിക്കുന്നു .

