‘ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ 13 ഭാഷയറിയുന്ന തന്‍റെ പാർട്ടിയുടെ നേതാവ് മിണ്ടാതിരുന്നു...’; നരസിംഹ റാവുവിനെ പരോക്ഷമായി വിമർശിച്ച് ജിന്‍റോ ജോൺ
text_fieldsഡോ. ജിന്‍റോ ജോൺ
കൊച്ചി: അധികാരത്തിലെത്തുമ്പോൾ വഴി മറന്ന മനുഷ്യരാണ് നരേന്ദ്ര മോദിക്ക് വഴിയൊരുക്കി കൊടുത്തതെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്‍റോ ജോൺ. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ, മിണ്ടാതിരുന്ന 13 ഭാഷയറിയുന്ന നേതാവ് തന്‍റെ പാർട്ടിയുടെ നേതാവായിരുന്നു. കാലങ്ങൾക്കുശേഷമാണ് അത് തിരുത്തപ്പെട്ടതെന്നും ജിന്‍റോ ജോൺ പറഞ്ഞു. എറണാകുളത്ത് യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ‘ഫാഷിസം, വർഗീയത, ഭരണകൂടം -തിരുത്ത്’ എന്ന പ്രമേയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡി.സി.സി സെക്രട്ടറി കൂടിയായ ജിന്‍റോ ജോൺ.
1992 ഡിംസബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെടുമ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.വി. നരസിംഹ റാവുവിനെ പരോക്ഷമായി വിമർശിച്ചായിരുന്നു ജിന്‍റോ ജോണിന്‍റെ പരാമർശം. നരസിംഹ റാവുവിന് 17 ഭാഷകളിലധികം പ്രാവീണ്യമുണ്ടായിരുന്നു. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ അത് തടയാൻ ആവശ്യമായ ശക്തമായ ഇടപെടൽ നടത്തുന്നതിൽ നരസിംഹ റാവു പരാജയപ്പെട്ടെന്ന വിമർശനം ശക്തമായിരുന്നു. അന്ന് കോൺഗ്രസായിരുന്നു കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്നത്.
‘ഓരോ സെക്കൻഡും ഓരോ നിമിഷവും നമ്മൾ ഫാഷിസ്റ്റിനോട് പോരാടി കൊണ്ടിരിക്കണം. ജീവനറ്റുപോകുന്നതുവരെ ഫാഷിസ്റ്റിനോട് നിരന്തരം പോരാടണം. പല ഭാഷയുണ്ടാകും, പല വേഷമുണ്ടാകും, പല തരത്തിൽ അവർ നമ്മുടെ മുന്നിലോട്ടുവരും. നമ്മൾ കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നമ്മൾ വിളിക്കുന്ന ദൈവവും ഉൾപ്പെടെ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നതിലേക്കുവരെ അവർ വ്യാപിച്ചു കഴിഞ്ഞെന്ന യാഥാർഥ്യം നമ്മൾ തിരിച്ചറിയണം. അതുകൊണ്ടാണ് രാവിലെ എഴു മണിക്ക് നാട്ടിൽ പൊറാട്ടയും ബീഫും കിട്ടുമ്പോൾ ആർക്കൊക്കെയോ വല്ലാതെ വിഷമം വരുന്നത്. ഇത്തരേന്ത്യയിലെ പള്ളി പൊളിക്കാൻ വേണ്ടിയിട്ട് ബുൾഡോസറുമായി നടക്കുന്ന ആളുകൾ ഇന്ന് കേരളത്തിലേക്ക് പള്ളി പൊളിക്കാൻ എത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ വന്നിട്ടും പലർക്കും നേരം വെളുത്തിട്ടില്ലെന്നത് നമ്മൾ തിരിച്ചറിയണം. ഇത് ഒറ്റപ്പെട്ടൊരു കാര്യമല്ല, വോട്ടിന്‍റെ മാത്രം പ്രശ്നമല്ല. പള്ളിയുടോയെ വസ്ത്രത്തിന്‍റെയോ ഭക്ഷണത്തിന്‍റേയോ മാത്രം പ്രശ്നമല്ല. ഇത് എന്‍റെയും നിങ്ങളുടെയും ജനാധിപത്യപരമായിട്ടുള്ള അവകാശങ്ങളുടെ പ്രശ്നമാണ്. ഈ രാജ്യം ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് നമ്മൾ അവകാശപ്പെടുന്നത് എഴുതി തയാറാക്കിയ ഭരണഘടനയുള്ളത് കൊണ്ടല്ല, ലോകത്തിലെ എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളാനുള്ള ആർജവം ഉള്ളതുകൊണ്ടാണ്. അതുകൊണ്ടാണ് 15 ശതമാനത്തോളം വരുന്ന മുസ്ലിം സമുദായത്തിൽനിന്നുള്ള അബ്ദുൽ കലാം ഈ രാജ്യത്തിന്‍റെ പ്രസിഡന്‍റാകുന്നത്. ദലിതരിൽ ദലിതനായിട്ടുള്ള കെ.ആർ. നാരായണൻ രാജ്യത്തിന്‍റെ പ്രസിഡന്‍റാകുന്നത്. ഇറ്റലിയിൽനിന്ന് കല്യാണം കഴിച്ച് മരുമകളായി വന്ന സോണിയാ ഗാന്ധി ഈ രാജ്യത്തെ നയിച്ചത്. ഈ രാജ്യം വൈവിധ്യങ്ങളുടേതാണ്. ആ വൈവിധ്യത്തെയും ബഹുസ്വരതയെയും മാനിക്കണം’ -ജിന്‍റോ ജോൺ പറഞ്ഞു.
ബാബരി മസ്ജിദ് കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞത്, ദൈവത്തോട് ചോദിച്ച് പുറത്തിറക്കിയ വിധിയെന്നായിരുന്നു. ആ ദൈവം ആരായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ആ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് നരേന്ദ്ര മോദി എന്ന ദൈവത്തോട് ചോദിച്ചിട്ടാണ് തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് അന്നത്തെ ആ വിധി വിലയിരുത്തുമ്പോള്‍ നമുക്ക് മനസിലാകുമെന്നും ജിന്‍റോ ജോണ്‍ കൂട്ടിച്ചേര്‍ത്തു.
ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ നിഷ്പക്ഷതയും മൗനവും അപകടകരമാണ്. ഫാഷിസ്റ്റുകള്‍ മൗനത്തെ തങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയായാണ് കാണുന്നത്. അതിനാല്‍ ഓരോ നിമിഷവും അവര്‍ക്കെതിരെ പോരാടണം. ഫാഷിസത്തോട് ഒരിക്കലും പക്വതകൊണ്ട് പോരാടാന്‍ കഴിയില്ല. അതിനെ ചെറുപ്പത്തിന്റെ പക്വതക്കുറവുകൊണ്ട് പോരാടണമെന്നാണ് തന്റെ പക്ഷം. ജീവന്‍ നഷ്ടപ്പെടുന്ന നിമിഷം വരെയും ഫാഷിസത്തിനെതിരെ പോരാടാനുള്ള രാഷ്ട്രീയ ജാഗ്രത സമൂഹത്തിനുണ്ടാകണം. ആര്‍എസ്എസ് ഒരു സാംസ്‌കാരിക അടിമത്തമാണ്. എന്നാല്‍ എതിര്‍ക്കുന്നവരെക്കൂടി ഉള്‍ക്കൊള്ളാനുള്ള ആര്‍ജവമാണ് യഥാര്‍ഥ ജനാധിപത്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെമിനാർ മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയാണ് ഉദ്ഘാടനം ചെയ്തത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജിന്‍റോ ജോണിനെ കൂടാതെ, സി.പി.ഐ ജില്ല സെക്രട്ടറി എൻ. അരുൺ, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണുമോഹൻ എം.എൽ.എ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഷിബു മീരാൻ എന്നിവരും വിഷയാവതരണം നടത്തി. ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എം.എൽ.എ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ മോഡറേറ്ററായി. മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് എടനീർ, കെ.എ. മാഹിൻ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, ഫാത്തിമ തഹ്‍ലിയ എം.എൽ.എ തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു.
ശനിയാഴ്ച രാവിലെ 111.30ന് ‘അപരവത്കരണത്തിന്റെ ഇന്ത്യന്‍ വര്‍ത്തമാനം’ എന്ന വിഷയത്തിൽ ആക്റ്റിവിസ്റ്റ് ഡോ. ടി.എസ് ശ്യാംകുമാര്‍ പ്രഭാഷണം നടത്തും. ഉച്ച 12ന് ‘സമരവും കവിതയും’ സെഷനിൽ കവി രമേശ് കാവില്‍ പ്രഭാഷണം നടത്തും. തുടർന്ന്, ഒറ്റ തെരഞ്ഞെടുപ്പും ഫെഡറലിസവും, സമര കാഹളം, ജെൻ സി ഇന്ത്യ, ഭരണഘടനമൂല്യവും ജനാധിപത്യ പ്രതിരോധവും, വിമര്‍ശനവും പൗരബോധവും എന്നീ വിഷയങ്ങളിൽ സെഷനുകൾ. ത്രിദിന സമ്മേളനം ഞായറാഴ്ച വൈകിട്ട് റാലി, വൈറ്റ് ഗാർഡ് പരേഡ്, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും.

