യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsബംഗളൂരു: യുവതിയെ കത്തിമുനയിൽ നിർത്തി മാല കവരാൻ ശ്രമിച്ച കേസിൽ പ്രതി പ്രഭുരാജ് അറസ്റ്റില്‍. ഇന്ദിര നഗറിലെ 100 ഫീറ്റ് റോഡിലെ കടയിൽ ഒക്ടോബർ 31നാണ് സംഭവം. കടയിലെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്ന ജയശ്രീയുടെ മാലയാണ് പ്രതി കവര്‍ന്നെടുത്തത്. സംഭവം നടന്ന ദിവസം 11.45ഓടെ ഹെൽമറ്റും കയ്യുറകളും ധരിച്ച പ്രതി കടയിലേക്ക് വരികയും റിസപ്ഷൻ കൗണ്ടറിന് മുകളിലൂടെ ചാടിക്കയറി യുവതിയുടെ രണ്ട് കൈകളിലും ഫെവിക്വിക്ക് പുരട്ടി ഒരുമിച്ച് ഒട്ടിക്കുകയും ചെയ്തു. ശേഷം സ്വർണമാല തട്ടിയെടുത്ത് പോക്കറ്റിലിട്ടു.
യുവതി ബഹളം വെച്ചതോടെ കഴുത്തില്‍ കത്തിവെച്ച് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ബലം പ്രയോഗിച്ച് പ്രതിയെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. ചോദ്യം ചെയ്ത് ശേഷം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ദിരാനഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന പ്രതി മാനസിക അസ്വാസ്ഥ്യം ഉള്ളയാളാണെന്ന് സംശയം തോന്നുന്നതിനാൽ പശ്ചാത്തലം പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

