Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബംഗാൾ: ഇന്ത്യക്കൊരു...

ബംഗാൾ: ഇന്ത്യക്കൊരു പാഠം

text_fields
bookmark_border
ബംഗാൾ: ഇന്ത്യക്കൊരു പാഠം
cancel

പശ്ചിമബംഗാളിന്‍റെ ചരിത്രത്തിലെ ആദ്യ ബി.ജെ.പി മന്ത്രിസഭ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ സ്ഥാനമേറ്റിരിക്കുന്നു. സത്യപ്രതിജ്ഞ ചടങ്ങുതന്നെ ഒരു സംഘ്പരിവാർ ആഘോഷമായി നടത്തിയത് ചൂണ്ടുപലകയായി കണക്കാക്കാം. പ്രധാനമന്ത്രി അടക്കം യൂനിയൻ മന്ത്രിമാരും എൻ.ഡി.എ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്ത ചടങ്ങിൽ കാവിരാഷ്ട്രീയത്തിന്‍റെ അടയാളങ്ങൾ പ്രകടമായി. അടിസ്ഥാനസൗകര്യ വികസനരംഗത്ത് കൂടുതൽ ഊന്നൽ ഉണ്ടാകുമെന്നും വ്യവസായമേഖലക്ക് പുതുജീവൻ നൽകുമെന്നും മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കുമെന്നും പുതിയ മുഖ്യമന്ത്രി വാഗ്ദാനം നൽകിയിട്ടുണ്ട്. പക്ഷേ, അശുഭ ലക്ഷണങ്ങൾ ധാരാളം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാപകമായ അസഹിഷ്ണുതയുടെ വിപരീതമായിട്ടാണ് ഇത്രകാലവും ബംഗാൾ നിലകൊണ്ടത്. ഭാഷയിലും സംസ്കാരത്തിലും സാമൂഹിക വ്യവഹാരങ്ങളിലുമെല്ലാം ഉൾക്കൊള്ളലിന്‍റെ രാഷ്ട്രീയത്തെ ചുണയോടെ ചേർത്തുപിടിച്ച ഒരു ദേശത്തേക്കാണ് പെട്ടെന്ന് വലിയൊരു പ്രതിലോമ ശക്തിയായി ബി.ജെ.പി രാഷ്ട്രീയമെത്തുന്നത്. അധികാര കേന്ദ്രീകരണം മമതാ ബാനർജി ഭരണത്തിന്‍റെ ഒരു ദൗർബല്യമായി കണ്ടിരുന്നവർ ഇനി കാണാൻ പോകുന്നത് “ഡബ്ൾ എൻജിൻ” ശക്തിയോടെ കൂടുതൽ വിനാശകരമായ കേന്ദ്രീകരണമാണെന്ന് ഭയക്കണം. ഇപ്പോൾ ലഭിച്ച അമിതാധികാരം ബംഗാളിന്‍റെ ചരിത്രപരമായ ബഹുസ്വരതയെ പോഷിപ്പിക്കാനാണോ അതോ സാമൂഹിക ധ്രുവീകരണത്തിനാണോ ഉപയോഗപ്പെടുത്തുക?

എന്തുതരം ഭരണമാണ് ബംഗാളിന് ലഭിക്കാൻ പോകുന്നതെന്ന് കാലമാണ് തെളിയിക്കേണ്ടതെങ്കിലും, സുവേന്ദു അധികാരി അധികാരമേറ്റ രീതിയും സന്ദർഭവും നൽകുന്ന സൂചന ശുഭകരമേ അല്ല. കാര്യക്ഷമമായ ഭരണം ഉറപ്പുനൽകുന്ന പുതിയ മുഖ്യമന്ത്രി ഒരുകാലത്ത് മമത സർക്കാറിൽ മന്ത്രിയായിരുന്നു. അന്ന് പ്രത്യയശാസ്ത്രപരമായിത്തന്നെ സംഘ്പരിവാർ രാഷ്ട്രീയത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പത്തുവർഷം മുമ്പ് അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉയർന്നു. അദ്ദേഹം കോഴ കൈപ്പറ്റുന്ന കാമറദൃശ്യം ബി.ജെ.പി രാജ്യത്തെ മുഴുവൻ കാണിച്ചു. അന്ന് മോദി അടക്കം ബി.ജെ.പി നേതാക്കൾ “നാരദ അഴിമതി വീര”നെതിരെ രംഗത്തിറങ്ങി. എന്നാൽ, 2020ൽ അദ്ദേഹം അമിത് ഷായുടെ റാലിയിൽ പങ്കെടുക്കുകയും ബി.ജെ.പിയിൽ ചേരുകയും ചെയ്തു. അദ്ദേഹം കാലുമാറിയതിൽപ്പിന്നെ ആ അഴിമതിക്കേസ് ഇല്ലാതായി. ഇന്നദ്ദേഹം ബി.ജെ.പിയുടെ മേൽവിലാസത്തിൽ പശ്ചിമബംഗാളിന്‍റെ ഭരണത്തലവനായിരിക്കുന്നു. ബംഗാളിൽ മുമ്പേ തുടങ്ങിയ കാലുഷ്യം കൂടുതൽ തീവ്രതയോടെ, വർഗീയഭാവംകൂടി കൈക്കൊണ്ട്, തുടരുകയാണ് ചെയ്യുന്നതെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. പുതിയ സർക്കാറിന്‍റെ പ്രതിബദ്ധത ബംഗാളി സമൂഹത്തോടോ അതോ സങ്കുചിതരാഷ്ട്രീയത്തോടോ എന്ന ചോദ്യം അസ്ഥാനത്തല്ല. മുമ്പ് ബംഗാളിന്‍റെ ബഹുസ്വരതയെച്ചൊല്ലി അഭിമാനിച്ചിരുന്ന സുവേന്ദു ഇത്തവണത്തെ തെരഞ്ഞെടുപ്പിന് വർഗീയവിഷം വമിച്ചുകൊണ്ടാണ് വോട്ട് ചോദിച്ചത്. നന്ദിഗ്രാമിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉടനെ അദ്ദേഹം പറഞ്ഞത്, മുസ്‍ലിംകൾ തനിക്ക് വോട്ട് ചെയ്യാത്തതിനാൽ ഹിന്ദുക്കൾക്കു വേണ്ടി മാത്രമേ താൻ സേവനം ചെയ്യൂ എന്നാണ്. ഭരണഘടനയുടെ ആത്മാവിനുനേരെ ആഞ്ഞുകുത്തിയാണ് അദ്ദേഹം ഭരണമേൽക്കുന്നത്. ബംഗാളിൽ ബി.ജെ.പി അട്ടിമറിജയം നേടിയതിന് മുഖ്യകാരണം എസ്.ഐ.ആറിന്‍റെ മറവിൽ നടന്ന വോട്ടർപട്ടിക തിരിമറി ആണെന്ന ആരോപണം നിലവിലുണ്ട്. ഇപ്പോൾ, അതിന്‍റെ മുഖ്യകാർമികനായിരുന്ന തെരഞ്ഞെടുപ്പു കമീഷൻ നിരീക്ഷകൻ സുബ്രത ഗുപ്ത മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായിരിക്കുന്നു.

ബംഗാളിന് വേണ്ടത് മുൻകാല തെറ്റുകൾ തിരുത്തുകയും അതിന്‍റെ മേന്മകൾ നിലനിർത്തുകയും ചെയ്യുന്ന ഭരണമാണ്. എന്നാൽ, ആദ്യ സൂചനകൾ കാണിക്കുന്നത് വിപരീതദിശയിലേക്കാണ് സഞ്ചാരമെന്നാണ്. ബംഗാളിന്‍റെ തനത് വിശാലത കടുത്ത സങ്കുചിതത്വത്തിന് വഴിമാറുന്നതിന്‍റെ ലക്ഷണങ്ങൾ ഇപ്പോഴേ കണ്ടുതുടങ്ങി. സംഘർഷങ്ങളും സായുധ ആക്രമണങ്ങളും വർഗീയ അതിക്രമങ്ങളും മറയില്ലാതെ അരങ്ങേറിത്തുടങ്ങിയതായി വാർത്തയുണ്ട്. ദേശവിരുദ്ധ നീക്കങ്ങൾക്കെതിരെ, എല്ലാ വിയോജിപ്പുകളും മറന്ന് ജനാധിപത്യ കക്ഷികളും പൊതുസമൂഹവും ഒന്നിക്കണമെന്ന് ബംഗാളിന്‍റെ ഗതി ഓർമിപ്പിക്കുന്നു. ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസും ഇന്ത്യൻ നാഷനൽ കോൺഗ്രസും അടക്കം ഭാഗഭാക്കാകേണ്ടിയിരുന്ന ‘ഇൻഡ്യ’ സഖ്യം ഇന്ന് പല കാരണങ്ങളാൽ ദുർബലമായിരിക്കുന്നു. വർഗീയതക്കെതിരായ രാഷ്ട്രീയം മറ്റെല്ലാ പരിഗണനകൾക്കും മീതെ ഉയർത്തിപ്പിടിക്കാൻ, മറ്റെല്ലാം ആ ഒരു ലക്ഷ്യത്തിന് വേണ്ടി മാറ്റിവെക്കാൻ ഉപകരിക്കുമെന്ന് കരുതിയ ‘ഇൻഡ്യ’ മുന്നണി ഇടക്കാലത്ത് ആ മുഖ്യലക്ഷ്യം മറന്നതിന്‍റെ പരിണതികൂടിയാണ് ബംഗാൾ അനുഭവിക്കുന്നത്. അധികാരത്തിനുവേണ്ടി, അഹങ്കാരം കാണിക്കാൻ വേണ്ടി, ലക്ഷ്യം മറന്ന കക്ഷികൾ ഒരു തിരിഞ്ഞുനടത്തത്തിന് തയാറാകണമെന്ന് ബംഗാൾ ഇന്ത്യയെ വീണ്ടും ഓർമിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West BengalSuvendu AdhikariLatest NewsBJPAssembly Elections 2026
News Summary - Bengal: A lesson for India
Next Story