Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാംലീല റാലിയുടെ തുടർചലനങ്ങൾ

text_fields
bookmark_border
രാംലീല റാലിയുടെ  തുടർചലനങ്ങൾ
cancel

ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ നിർണായകമായ രണ്ടാമത്തെ പ്രതിപക്ഷ മുന്നേറ്റമായി രാംലീല മൈതാനിയിലെ ഇൻഡ്യ സഖ്യത്തിന്റെ ‘ദില്ലി ചലോ’ ബഹുജനറാലി രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞു. 1974-ൽ രാംലീല മൈതാനി നിറഞ്ഞുകവിഞ്ഞ ജയപ്രകാശ് നാരായണന്റെ (ജെ.പി.) പ്രതിപക്ഷ റാലിക്ക് ശേഷം പ്രതിപക്ഷകക്ഷികളെയും പൗരസമൂഹസംഘടനകളെയും മനുഷ്യാവകാശപ്രവർത്തകരെയും ബഹുജനങ്ങളെയും ഒരേ ലക്ഷ്യത്തിനായി രാംലീലയിൽ അണിനിരത്താനായത് ഇതാദ്യമായാണ്. ഭരണകക്ഷിയുടെ കേന്ദ്രീകൃതാധികാരത്തിനെതിരെയുള്ള പ്രതിപക്ഷഐക്യമാണ് ഇരുമുന്നേറ്റങ്ങളുടെയും പൊതുവായ അടിത്തറ. പരസ്പരം പൊരുതിനിന്നിരുന്ന പ്രതിപക്ഷകക്ഷികൾ ഒരൊറ്റ വേദിയിൽ അണിനിരന്നു എന്ന പ്രത്യേകത ഇരുറാലികൾക്കുമുണ്ട്. ആദ്യത്തേതിൽ കോൺഗ്രസിനെതിരെ ബി.ജെ.പിയുടെ മുൻഗാമികളായ ജനസംഘംകൂടി അണിനിരന്നുവെങ്കിൽ, അരനൂറ്റാണ്ടിനിപ്പുറം രാംലീല കണ്ടത് ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ കോൺഗ്രസിന് പിന്നിൽ പ്രതിപക്ഷമൊന്നടങ്കം അണിനിരക്കുന്നതാണ്. ജെ.പിയുടെ റാലിയും തുടർന്നുള്ള നീക്കങ്ങളും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്കും പിന്നീട് 1977-ൽ ആദ്യത്തെ കോൺഗ്രസിതര സർക്കാർ അധികാരത്തിൽ വരുന്നതിലേക്കും നയിച്ചുവെങ്കിൽ, ഒരു വ്യാഴവട്ടം മുമ്പ് അധികാരത്തിലെത്തിയ മറ്റൊരു കോൺഗ്രസിതര സർക്കാർ എതിർശബ്ദങ്ങളൊന്നുമില്ലാത്ത അപ്രഖ്യാപിത അടിയന്തരാവസ്ഥയിലെത്തിച്ച ഇന്ത്യൻ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനാണ് ഇൻഡ്യ സഖ്യത്തിന്റെ രാംലീല റാലി മണ്ണൊരുക്കിയത്.

1974-ൽ യുവജനങ്ങളിൽനിന്നും വിദ്യാർഥികളിൽനിന്നും ഉയർന്നുവന്ന മുന്നേറ്റം ജെ.പിയുടെ വ്യക്തിപ്രഭാവത്തിൽ കേന്ദ്രീകരിച്ചപ്പോൾ, വിദ്യാർഥികളും യുവജനങ്ങളും ചേർന്ന് വിജയിപ്പിച്ച ജന്തർമന്തർ സമരത്തിൽനിന്ന് ആവേശമുൾക്കൊണ്ട രാംലീല റാലിയോടെ സമാനമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷനെയും മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറെയും ദുരുപയോഗിച്ച് വോട്ട് കൊള്ളയടിച്ചാണ് ബി.ജെ.പി അധികാരത്തിൽ തുടരുന്നതെന്ന ആഖ്യാനം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഫലപ്രദമായി സ്ഥാപിച്ചെടുത്തിരിക്കുന്നു. വോട്ടുകൊള്ളയിൽ മാത്രമല്ല, ഇവിഎം ക്രമക്കേടുകളിലും തന്റെ നിലപാട് ആവർത്തിക്കുകയാണ് രാഹുൽ ഗാന്ധി.

രാഹുലിനെ പേടിച്ച് തെരുവിലിറങ്ങുന്നവർ

ഇവിഎമ്മിനെതിരെ രാഹുൽ സൃഷ്ടിച്ച ആഖ്യാനത്തെ ഭരണകൂടം ഭയപ്പെടുന്നു എന്നതിന്റെ തെളിവായിരുന്നു എംഎൽസി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പുറത്തുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ബാലറ്റിൽ വോട്ട് ചെയ്തിട്ടും കോൺഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ലെന്ന്, നാഗ്പൂരിലെ കോൺഗ്രസിന്റെ അട്ടിമറി ജയം കാണാത്തമട്ടിൽ വന്ന മോദിയുടെ പ്രസ്താവന ഇവിഎം കൃത്രിമത്തെക്കുറിച്ചുള്ള രാഹുലിന്റെ വെളിപ്പെടുത്തലുകൾ ജനം വിശ്വസിക്കുന്നുണ്ടെന്ന ആശങ്കയിൽനിന്നാണ്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ വൈകുന്നേരം അഞ്ചിനും ആറിനും ഇടയിൽ വോട്ട് യന്ത്രങ്ങളിൽ വന്നുവീണ 40 ലക്ഷം വോട്ടുകൾ ചെയ്യാനായി വരിനിന്നവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ തിരഞ്ഞെടുപ്പ് കമീഷൻ നൽകാതിരുന്നതോടെ, വോട്ട് യന്ത്രത്തിൽ കൃത്രിമത്വമുണ്ടെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ രാഹുലിനായി.

രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും ചോദ്യമുയർന്നാൽ അതിനൊക്കെ ഉത്തരം പറയേണ്ടത് താനല്ലെന്നും പാർട്ടിയിലെ ഏറ്റവും ജൂനിയറായ സംബിത് പത്രയാണെന്നുമൊക്കെയായിരുന്നു ഗുജറാത്തിൽനിന്ന് ഡൽഹിയിലേക്ക് ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷനായി വന്ന സമയത്ത് അമിത് ഷാ പുച്ഛത്തോടെ പറഞ്ഞിരുന്നത്. ഒരു പതിറ്റാണ്ട് കഴിയുമ്പോഴേക്കും രാഷ്ട്രീയചിത്രമാകെ മാറിമറിഞ്ഞിരിക്കുന്നു; രാഹുൽ മാറ്റിമറിച്ചിരിക്കുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി. സംബിത് പത്രയെ വാർത്താസമ്മേളനങ്ങളുമായി നിരന്തരം രംഗത്തിറക്കിയിട്ടും ഫലമില്ലെന്ന് കണ്ടതോടെ സാക്ഷാൽ അമിത് ഷായ്ക്ക് തന്നെ നടുറോഡിലിറങ്ങേണ്ടി വന്നിരിക്കുന്നു. ജനാധിപത്യം സംരക്ഷിക്കാനായി രാംലീലയിലേക്ക് രാഹുൽ നയിച്ച മഹാറാലിക്ക് മറുപടിയായി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തുപോയി അതേ അമിത് ഷാ ജനാധിപത്യസംരക്ഷണ പദയാത്ര നയിക്കുന്നതാണിപ്പോൾ കാണുന്നത്. രാഹുലിനെ മാത്രമല്ല, അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങളെപ്പോലും അമിത് ഷാ ഭയക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.

ജനങ്ങൾ പൊളിച്ച പ്രൊപ്പഗണ്ടകൾ

രാംലീല റാലി നടക്കുമ്പോൾ ഡൽഹിയുടെ മറ്റൊരു കോണിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിനെ ഇറക്കി ബദൽശ്രമങ്ങൾ നടത്തിനോക്കിയിരുന്നു അമിത് ഷാ. സിഖ് വിരുദ്ധ വംശഹത്യയുടെ വാർഷികദിനത്തിൽ കോൺഗ്രസിനെതിരായ റാലി സംഘടിപ്പിച്ച് രാംലീല റാലിയുടെ ശോഭ കെടുത്താമെന്നായിരുന്നു കണക്കുകൂട്ടൽ. കോൺഗ്രസും ബി.ജെ.പിയും ഒരേദിവസം ശക്തിപ്രകടനത്തിനിറങ്ങുന്നത് ഡൽഹിയെ സംഘർഷഭരിതമാക്കുമെന്നു വരെ പ്രചാരണങ്ങൾക്ക് വഴങ്ങി മാധ്യമങ്ങൾ വാർത്ത നൽകി. എന്നാൽ, നവംബർ ഒന്ന് പുലർന്നതുമുതൽ ഡൽഹി കണ്ടതും കേട്ടതുമെല്ലാം രാംലീല റാലിയെക്കുറിച്ചായിരുന്നു. റാലിക്കെത്തിയ പലരും ഒരു രാഷ്ട്രീയപാർട്ടിയോടും പ്രത്യേക കൂറുള്ളവരായിരുന്നില്ല. മറിച്ച്, ജനാധിപത്യത്തെ സംരക്ഷിക്കാനായി സ്വമേധയാ ഇറങ്ങിപ്പുറപ്പെട്ടവരാണെന്ന് പലരോടും സംസാരിച്ചതിൽനിന്ന് വ്യക്തമായി. സാധാരണ കൂലിത്തൊഴിലാളി മുതൽ ഉപരിമധ്യവർഗത്തിലുള്ളവർ വരെയുണ്ടായിരുന്നു അക്കൂട്ടത്തിൽ. വോട്ട് അപകടത്തിലാണെന്നും ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നുമുള്ള രാഹുലിന്റെ വാക്കുകളോട് അവരെല്ലാം പൂർണമായി യോജിക്കുന്നു.

മഴ തോർന്നു; മരം പെയ്യുന്നു

രാംലീല മൈതാനിയിലെ റാലി കണ്ട് ആവേശഭരിതയായ മമതാ ബാനർജി ഡൽഹിയിൽ ക്യാമ്പ് ചെയ്ത് ഇൻഡ്യ സഖ്യത്തിന് പുറത്തുനിൽക്കുന്ന കക്ഷികളെയും കൂട്ടായ്മകളെയും ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ചേർത്തുനിർത്താനുള്ള കരുനീക്കങ്ങൾ നടത്തുകയാണ്. ഇതിനായി പ്രാദേശികപാർട്ടി നേതാക്കളുമായും തമിഴ്നാട്ടിലെ ഡി.എം.കെ നേതാക്കളുമായും ദീദി നടത്തിയ ചർച്ചകളിൽ പുരോഗതിയുമുണ്ട്. ‘ഇൻഡ്യ പ്ലസ്’ എന്ന പേരിൽ സഖ്യത്തിന് പുറത്തുള്ള കക്ഷികളെക്കൂടി ചേർത്തുപിടിച്ചുകൊണ്ടുള്ള വിശാല രാഷ്ട്രീയ കൂട്ടുകെട്ടാണ് ലക്ഷ്യമിടുന്നത്. ഈ നീക്കത്തിന് രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും അകമഴിഞ്ഞ പിന്തുണയുമുണ്ട്.

തങ്ങളുടെ നിലപാടുകൾ പുനഃപരിശോധിക്കുന്നതിനും പാർട്ടിയിൽ അതിനനുയോജ്യമായ സാഹചര്യമൊരുക്കുന്നതിനുമായി ഡി.എം.കെ ഒരുമാസത്തെ സാവകാശം ആവശ്യപ്പെട്ടതായാണറിവ്. പ്രതിപക്ഷഐക്യത്തിന്റെ വിശാലതാൽപര്യം മുൻനിർത്തി മമതാ ബാനർജി നടത്തുന്ന നീക്കങ്ങൾ നിർണായകമായി മാറിയേക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. മണ്ഡലപുനർനിർണയ ബിൽ പാസാക്കാനായി ബിജെപി ഒപ്പം നിർത്താൻ ശ്രമിച്ച ഡി.എം.കെയെ വിശാലസഖ്യത്തിന്റെ വേദിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞാൽ അത് ഭരണപക്ഷത്തിന് നൽകുന്ന തിരിച്ചടി ചെറുതായിരിക്കില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramlila Rally of congress
Next Story