ഐ.വൈ.സി.സി ബഹ്‌റൈൻ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം
text_fieldsഐ.വൈ.സി.സി ബഹ്‌റൈൻ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചപ്പോൾ
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈന്റെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. നവംബർ 1 മുതൽ ഡിസംബർ 31 വരെ അംഗത്വ ക്യാമ്പയിൻ ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കാനാണ് തീരുമാനം.“സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം” എന്ന സന്ദേശത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഗുദൈബിയ, ഹമദ് ടൗൺ, മുഹറഖ്, സൽമാനിയ, ടുബ്ലി–സൽമാബാദ്, റിഫ, ഹിദ്ദ്–അറാദ്, ബുദയ്യ, മനാമ എന്നീ ഒമ്പത് ഏരിയ കമ്മിറ്റികളാണ് ക്യാമ്പയിന് നേതൃത്വം നൽകുന്നത്. ഷഹീൻ ജലാൽ ചെമ്പൻ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്തിൽ നിന്നും ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ സെക്രട്ടറി സലീം അബുതാലിബിൽ നിന്ന് ജൻസനും അംഗത്വം സ്വീകരിച്ചു.
ഐ.വൈ.സി.സി, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന സംഘടനയല്ലെന്നും വിവിധ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന യുവജന കൂട്ടായ്മ കൂടിയാണെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കി. പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി സാമൂഹിക ഇടപെടലുകൾ നടത്തുക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക, യുവജനങ്ങളുടെ നേതൃത്വപാടവവും സംഘടനാ കഴിവുകളും വളർത്തിയെടുക്കുക എന്നിവക്കും ഐ.വൈ.സി.സി പ്രാധാന്യം നൽകുന്നു. പ്രവാസി സമൂഹത്തിൽ കൂട്ടായ്മയും സാമൂഹിക ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ നേതൃത്വം അറിയിച്ചു.
അംഗത്വവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് അതത് ഏരിയ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണെന്നും നേതൃത്വം അറിയിച്ചു.

