മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഡി.കെ.ഐ.സി.സി
text_fieldsജിദ്ദ: കേരളത്തിന്റെ സാമ്പത്തിക പുരോഗതിയുടെ ചാലകശക്തിയായ പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രീമിയം തുക വർധിപ്പിച്ചതിനെ ദക്ഷിണ കേരള ഇസ്ലാമിക് കൾച്ചറൽ സെന്റർ (ഡി.കെ.ഐ.സി.സി) ഗ്ലോബൽ മീറ്റിങ് അപലപിച്ചു.
കഴിഞ്ഞ വർഷത്തെ പ്രീമിയം നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വൻ തുകയാണ് പുതുക്കലിനായി ആവശ്യപ്പെടുന്നത്. ഇത് പ്രവാസികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയി ലാക്കിയിരിക്കുകയാണ്.
വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കും തൊഴിൽപരമായ ബുദ്ധിമുട്ടുകൾക്കും ഇടയിൽ തുച്ഛമായ സമ്പാദ്യം മാറ്റിവെച്ചാണ് സാധാരണക്കാരായ പ്രവാസികൾ ഈ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നത്.
പ്രീമിയം വർധന മൂലം ഭൂരിഭാഗം പേർക്കും പദ്ധതിയിൽ തുടരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രവാസികളുടെ ക്ഷേമത്തിനായി നിലകൊള്ളേണ്ട ഒരു സംവിധാനത്തിൽ നിന്ന് ഇത്തരമൊരു ഭാരം അടിച്ചേൽപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. വിഷയത്തിൽ കേരള മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും സംഘടന നിവേദനം അയച്ചു.

