Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightമിസൈൽ കരുത്തിൽ...

മിസൈൽ കരുത്തിൽ ഇന്ത്യയുടെ കുതിപ്പ്; അത്യാധുനിക അഗ്നി മിസൈൽ പരീക്ഷണം വിജയം

text_fields
bookmark_border
മിസൈൽ കരുത്തിൽ ഇന്ത്യയുടെ കുതിപ്പ്; അത്യാധുനിക അഗ്നി മിസൈൽ പരീക്ഷണം വിജയം
cancel

ന്യൂഡൽഹി: ഇന്ത്യയുടെ നൂതന സാങ്കേതിക വിദ്യ ഉൾക്കൊള്ളുന്ന അഗ്നി മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (ഡി.ആർ.ഡി.ഒ) സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡും സംയുക്തമായാണ് ഒഡീഷയിലെ എ.പി.ജെ അബ്ദുൽ കലാം ദ്വീപിൽ വച്ച് പരീക്ഷണവിക്ഷേപണം നടത്തിയത്. അത്യാധുനിക സാങ്കേതിക വിദ്യയായ മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ (എം.ഐ.ആർ.വി) സംവിധാനം അടങ്ങിയതാണിത്. ഇതിലൂടെ ഒരു മിസൈലിൽ തന്നെ ഒന്നിലധികം പോർമുനകൾ വഹിക്കാനും അവയെ വ്യത്യസ്ത ലക്ഷ്യങ്ങളിലേക്ക് സ്വതന്ത്രമായി വിന്യസിക്കാനും കഴിയും. പല മിസൈലുകൾ ഉപയോഗിക്കുന്നതിന് പകരം ഒരൊറ്റ മിസൈൽ ഉപയോഗിച്ച് ശത്രുവിന്റെ പല കേന്ദ്രങ്ങളെ ഒരേസമയം തകർക്കാനും സാധിക്കും.

ഇന്ത്യൻ മഹാസമുദ്ര മേഖലക്ക് സമീപം സ്ഥിതി ചെയ്യുന്ന വിവിധ ഭൂപ്രദേശങ്ങളെ ഒരേസമയം ലക്ഷ‍്യം വക്കാന്‍ ശേഷിയുള്ള ഒന്നിലധികം പേലോഡുകൾ മിസൈൽ വിജയകരമായി പരീക്ഷിച്ചതായാണ് വിവരം. മിസൈലിന്‍റെ വിക്ഷേപണം മുതൽ പേലോഡുകൾ പതിക്കുന്നത് വരെയുള്ള മുഴുവൻ പാതയിലും കരയിലും കപ്പലുകളിലുമുള്ള നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് ദൗത്യത്തിന്റെ എല്ലാ ലക്ഷ്യങ്ങളും വിജയകരമായി കൈവരിച്ചതായാണ് ഔദ്യോഗിക വിവരം.

നിലവിലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് എം.ഐ.ആർ.വി സംവിധനത്തെ തടയുക എന്നത് ദുഷ്കരമാണ്. പരീക്ഷിച്ച മിസൈലിന്റെ പേര് ഡി.ആർ.ഡി.ഒ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് അഗ്നി5 മായി ഭാഗമാണെന്നാണ് സൂചന. 5,500 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്‍റെ (ഐ.സി.ബി.എം) ശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പരീക്ഷണം.

അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന കഠിനമായ താപത്തെ അതിജീവിക്കാനുള്ള അത്യാധുനിക റീ-എൻട്രി സാങ്കേതികവിദ്യയും കൃത്യമായ ഗതിനിർണ്ണയ സംവിധാനങ്ങളും ഇതിലുണ്ട്. ഇതിലൂടെ മിസൈലിന് ശബ്ദത്തേക്കാൾ 24 മടങ്ങ് വേഗതയിൽ സഞ്ചരിക്കാന്‍ ശേഷിയുണ്ടെന്നാണ് നിഗമനം. ഇത്രയും ഉയർന്ന വേഗതയിൽ വരുന്ന മിസൈലുകളെ തടയുക എന്നത് ശത്രുരാജ്യങ്ങളുടെ പ്രതിരോധ ശൃംഖലകൾക്ക് അസാധ്യമാണ്. ഒരൊറ്റ മിസൈലിൽ പുറപ്പെടുന്ന ഒന്നിലധികം പോർമുനകൾക്കൊപ്പം ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ വഴിതെറ്റിക്കാനായി വ്യാജ ലക്ഷ്യങ്ങൾ (Decoys) കൂടി ഇതിനോടൊപ്പം വിന്യസിച്ചിട്ടുണ്ട്.

വിജയകരമായി നടത്തിയ പരീക്ഷണവിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ച ഡി.ആർ.ഡി.ഒ, ഇന്ത്യൻ ആർമി, മറ്റ് വ്യാവസായിക പങ്കാളികൾ എന്നിവരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ വെല്ലുവിളികൾക്കിടയിൽ ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണത്തെ ഈ മിസൈൽ സംവിധാനം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agni 5Science Newsmissiles test
News Summary - India's Leap in Missile Power: Successful Test of Advanced Agni Missile
Next Story