Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏ​ഴാം ക​ട​ലി​ൽ ഗോളാസ്തമയം; അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ളി​ൽ റെ​ക്കോ​ഡു​ക​ളു​ടെ സ​ക​ല സീ​മ​ക​ളും ഭേ​ദി​ച്ച ഇതിഹാസം

text_fields
bookmark_border
ഏ​ഴാം ക​ട​ലി​ൽ ഗോളാസ്തമയം; അ​ന്താ​രാ​ഷ്ട്ര   ഫു​ട്ബാ​ളി​ൽ റെ​ക്കോ​ഡു​ക​ളു​ടെ   സ​ക​ല സീ​മ​ക​ളും ഭേ​ദി​ച്ച ഇതിഹാസം
cancel
camera_alt

ബാ​ല​ൻ ഡി​ഓ​ർ പു​ര​സ്കാ​ര​വു​മാ​യി

2016 ജൂലൈ 10 , പാരിസിലെ സ്റ്റേഡ് ഡി ഫ്രാൻസ് സ്റ്റേഡിയം. ആകാശത്തുനിന്ന് തണുപ്പ് കാറ്റ് ഇരച്ചുകയറിയ, ആർപ്പുവിളികളാൽ പുകഞ്ഞുയർന്ന ആ രാത്രി ഓർമയില്ലേ. ഫുട്ബാൾ ചരിത്രത്തിൽ ആദ്യമായി പോർചുഗലിന്റെ ചെങ്കൊടി വൻകരയുടെ നെറുകയിൽ വന്ന് പതിഞ്ഞ, രാത്രിയുടെ മരവിപ്പും ആവേശവും ഇപ്പോഴും ആ കാറ്റിലുണ്ട്. ഫൈനലിൽ പരിക്കേറ്റ് കണ്ണീരോടെ കളം വിടേണ്ടി വന്നിട്ടും, അയാൾ ടച്ച്‌ലൈനിൽ ഒരു പരിശീലകനേക്കാൾ ആവേശത്തിൽ, വിറയാർന്ന കൈകളോടെ ടീമിനെ മുഴുവൻ നെഞ്ചേറ്റിയ ആ കാഴ്ച. കളിക്കാരൻ എന്നതിലുപരി ക്രിസ്റ്റ്യാനോ റൊണാൾഡോ ആ രാജ്യത്തിന് എന്തായിരുന്നു എന്നതിന്റെ ജീവിക്കുന്ന സാക്ഷ്യമായിരുന്നു. ആ ഒരു വലിയ വികാരത്തിൽ നിന്നുകൊണ്ട് വേണം ഈ കഥ പറഞ്ഞുതുടങ്ങാൻ.

കാരണം, ആ ഏഴാം നമ്പറുകാരന്റെ ബൂട്ടുകൾ ആഞ്ഞടിക്കുന്നതിന് മുമ്പും ആ മണ്ണിൽ പന്തുരുണ്ടിട്ടുണ്ടായിരുന്നു. 1966ൽ ഇംഗ്ലണ്ട് ലോകകപ്പിൽ ഒമ്പത് ഗോളുകളടിച്ച് ലോകത്തെ വിസ്മയിപ്പിച്ച ‘ബ്ലാക്ക് പാന്തർ’ യൂസേബിയോയും, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പോർചുഗീസ് ഫുട്ബാളിന് പുതിയൊരു വിലാസം നൽകിയ ലൂയിസ് ഫിഗോയും റൂയി കോസ്റ്റയും അടങ്ങുന്ന സുവർണ തലമുറയും ആ രാജ്യത്തിന്റെ കാൽപന്ത് ചരിത്രത്തിന്റെ വേരുകളിലുണ്ട്.

എന്നാൽ, ആ മുൻഗാമികൾ പാകിയിട്ട അടിത്തറയിൽ നിന്ന് ആ കൊച്ചു രാജ്യത്തിന്റെ ഭൂപടത്തെ ലോക ഫുട്ബാളിന്റെ നെറുകയിലേക്ക് പിടിച്ചുകയറ്റി, അതിരുകളില്ലാത്ത ഒരു മഹാസാമ്രാജ്യമാക്കി മാറ്റിയ ആ ഏഴാം നമ്പറുകാരൻ അന്താരാഷ്ട്ര കരിയറിലും ഫുട്ബാളിലും വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ, കാൽപന്ത് ലോകത്ത് നിശ്ചലമാകുന്നത് തലമുറകൾ ഹൃദയത്തിൽ സൂക്ഷിച്ച ഒരു സുവർണ യുഗം തന്നെയാണ്.

2003ൽ കസാഖ്സ്താനെതിരെ ഒരു പതിനെട്ടുകാരൻ പോർചുഗലിന്റെ ചുവന്ന ജഴ്സിയിൽ ആദ്യമായി പകരക്കാരനായി ഗ്രൗണ്ടിലിറങ്ങുമ്പോൾ, ഫുട്ബാൾ ലോകത്ത് പോർചുഗൽ ഇത്രയേറെ ഭയപ്പെടേണ്ട ഒരു വൻശക്തിയൊന്നും ആയിരുന്നില്ല. എന്നാൽ, രണ്ടും കൽപിച്ചിറങ്ങിയ ആ മദീറക്കാരൻ അവരെ ലോകസിംഹാസനത്തിന്റെ തൊട്ടടുത്തെത്തിക്കുകയായിരുന്നു. അന്താരാഷ്ട്ര ഫുട്ബാളിൽ റെക്കോഡുകളുടെ സകല സീമകളും ഭേദിച്ച് 234 മത്സരങ്ങളിൽ നിന്നായി 146 ഗോളുകളാണ് ആ മനുഷ്യൻ ആ ജഴ്സിക്കുവേണ്ടി വെട്ടിപ്പിടിച്ചത്! പോർചുഗൽ ഫുട്ബാൾ ചരിത്രത്തിലെ ആദ്യത്തെ വൻകര കിരീടമായ 2016ലെ യൂറോ കപ്പും, തുടർന്ന് രണ്ടുതവണ യുവേഫ നാഷൻസ് ലീഗും രാജ്യത്തിന് സമ്മാനിച്ചത് ഈ പോരാളിയാണ്.

പോർചുഗൽ ജഴ്സിയിൽ ഗ്രൗണ്ടിലെ 90 മിനിറ്റുകളിൽ ഓടിയത് ഗോൾ അടിക്കാൻ വേണ്ടി മാത്രമായിരുന്നില്ല, ആ നാടിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും പേറിയായിരുന്നു. തന്റെ അച്ഛന്റെ വിയോഗത്തിന് തൊട്ടടുത്ത ദിവസങ്ങളിൽ പോലും ബൂട്ടണിഞ്ഞ കളിഭ്രാന്ത് വേറൊരാളിലും കാണാനാവില്ല.

വായുവിൽ സെക്കൻഡുകളോളം ഒഴുകിനടന്ന് തലകൊണ്ടുതൊട്ടു നേടിയ ഗോൾ വിസ്മയങ്ങൾ സകലമാന ലോജിക്കുകളെയും ഫിസിക്സിന്റെ തിയറികളെയും പൊളിച്ചെഴുതുന്നതായിരുന്നു. ലോകകപ്പ് എന്ന ആത്യന്തിക ട്രോഫി ആ കൈകളിൽ ഒരിക്കലും അമർന്നിട്ടില്ലായിരിക്കാം. എങ്കിലും വിമർശകർ അയാൾക്ക് അതിരുകൾ നിശ്ചയിച്ചപ്പോഴൊക്കെ അതിനെ ഗോൾവലയിലേക്ക് അടിച്ചുകയറ്റിയ ആ വീരവാഴ്ചക്കു മുന്നിൽ ലോകകപ്പുകൾ പോലും ചെറുതായിപ്പോകുന്നു.

അങ്ങനെ, എതിരാളികളുടെ ബോക്സിലേക്ക് ഒരു കൊടുങ്കാറ്റായി ഇരച്ചുകയറി, വിസിലുകൾ നിലക്കുന്ന ആ അവസാന നിമിഷത്തിലും തന്റെ പ്രിയപ്പെട്ട ജഴ്സിക്ക് വേണ്ടി പൊരുതിയ ആ ചരിത്രപുരുഷൻ ഗ്രൗണ്ടിൽ നിന്ന് പടിയിറങ്ങുന്നു. ഇതൊരു കാലഘട്ടത്തിന്റെ മൗനമാണ്. പറങ്കി മണ്ണിൽ ഇനി എത്രയോ താരങ്ങൾ വരും, എത്രയോ ഗോൾഡൻ ബൂട്ടുകൾ പിറക്കും. പക്ഷേ, ആ നെഞ്ചിലെ തീയും കണ്ണു തുറപ്പിക്കുന്ന ആവേശവും ഇനി ആരും പകർത്തുകയില്ല.

സ്റ്റേഡിയത്തിന്റെ ഗാലറികളിൽ മുഴങ്ങിയ ആർപ്പുവിളികളും, വായുവിൽ കൈകൾ ഉയർത്തി സ്റ്റേഡിയത്തെ മുഴുവൻ പ്രകമ്പനം കൊള്ളിച്ച ആ ആഘോഷവും മ്യൂസിയത്തിലെ ചരിത്രങ്ങളായി ഉറങ്ങുമ്പോൾ, ബാക്കിയാകുന്നത് ഫുട്ബാളിന്റെ ആത്മാവറിഞ്ഞ ഒരു കാൽപാടാണ്. നന്ദി ക്രിസ്റ്റ്യാനോ, വരണ്ട ലോജിക്കുകൾക്കും തിയറികൾക്കുമപ്പുറം ഫുട്ബാളിന്റെ ആത്മാവിനെ സ്വന്തം ഹൃദയത്തുടിപ്പുകൊണ്ട് തൊട്ടറിഞ്ഞ്, ഞങ്ങളെ കളി കാണാൻ പ്രേരിച്ചതിന്, ഞങ്ങൾ ജീവിച്ച കാലത്ത് ജനിച്ചതിന്.

7 അനർഘ നിമിഷങ്ങൾ

1. കസാഖ്സ്താനെതിരെ അരങ്ങേറ്റം

തീയതി: 2003 ആഗസ്റ്റ് 20

വേദി: എസ്റ്റാഡിയോ മുനിസിപ്പൽ ഡി ചാവെസ്, പോർചുഗൽ

കസാഖ്സ്താനെതിരായ സൗഹൃദ മത്സരത്തിന്റെ ആദ്യ പകുതിക്ക് ശേഷം, 46ാം മിനിറ്റിൽ റൂയി കോസ്റ്റക്ക് പകരക്കാരനായാണ് 18-ാം വയസ്സുകാരൻ ചരിത്രത്തിലേക്ക് കാൽവെച്ചത്.

2. പോർചുഗൽ യൂറോ ചാമ്പ്യന്മാർ

തീയതി: 2016 ജൂലൈ 10

വേദി: സ്റ്റേഡ് ഡി ഫ്രാൻസ്, സെന്റ്-ഡെനിസ്, ഫ്രാൻസ്

ആതിഥേയരായ ഫ്രാൻസിനെ ഫൈനലിൽ 1-0 ന് പരാജയപ്പെടുത്തി പോർചുഗൽ യൂറോ 2016 കിരീടം ഉയർത്തി. ഫൈനൽ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് 25-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോക്ക് കളം വിടേണ്ടി വന്നിരുന്നു.

3. ആദ്യ നാഷൻസ് ലീഗ് കിരീടം

തീയതി: 2019 ജൂൺ 09

വേദി: എസ്റ്റാഡിയോ ഡോ ഡ്രാഗോ, പോർട്ടോ, പോർചുഗൽ

പോർട്ടോയിൽ നടന്ന പ്രഥമ നാഷൻസ് ലീഗ് ഫൈനലിൽ നെതർലൻഡ്‌സിനെ 1-0 ന് തോൽപിച്ച് പോർച്ചുഗലിനെ കിരീടത്തിലേക്ക് നയിച്ചു.

4. അന്താരാഷ്ട്ര ഗോൾ റെക്കോർഡ്

തീയതി: 2021സെപ്റ്റംബർ 01

വേദി: എസ്റ്റാഡിയോ ഡോ അൽഗാർവ്, പോർചുഗൽ

ലോകകപ്പ് കപ്പ് യോഗ്യതാ മത്സരത്തിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനോട് പോർചുഗൽ പിന്നിൽ നിൽക്കുമ്പോൾ, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ക്രിസ്റ്റ്യാനോ ഇരട്ട ഗോളുകൾ നേടി 2-1 ന്റെ വിജയം ഉറപ്പിച്ചു. അദ്ദേഹം ആദ്യ ഗോളിലൂടെ അന്താരാഷ്ട്ര ഫുട്ബാളിലെ അലി ദെയിയുടെ ഗോൾ റെക്കോർഡ് മറികടന്നു.

5. പോർചുഗലിന് വീണ്ടും നാഷൻസ് ലീഗ് കിരീടം

തീയതി: 2025 ജൂൺ 8

വേദി: മ്യൂണിക്ക് ഫുട്ബാൾ അരീന (അലയൻസ് അരീന), ജർമനി

സ്പെയിനിനെതിരായ നാഷൻസ് ലീഗ് കലാശപ്പോരിന്റെ 61-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സമനില ഗോൾ നേടി സ്കോർ 2-2 ആക്കി. ഷൂട്ടൗട്ടിൽ പോർചുഗൽ 5-3 ന് വിജയിച്ചു. രണ്ട് നാഷൻസ് ലീഗ് കിരീടങ്ങൾ നേടുന്ന ആദ്യ രാജ്യമായി പോർചുഗൽ മാറി.

6. ആറാം ലോകകപ്പും ഗോളും

തീയതി: 2026 ജൂൺ 17

വേദി: ഹൂസ്റ്റൻ സ്റ്റേഡിയം, യു.എസ്

ആറ് ലോകകകപ്പുകൾ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന ചരിത്രനേട്ടം ഗ്രൂപ്പ് റൗണ്ടിൽ ഡി.ആർ കോംഗോക്കെതിരെ ഇറങ്ങി ക്രിസ്റ്റ്യാനോ സ്വന്തമാക്കി. ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടിയ അത്യപൂർവ റെക്കോർഡും.

7. അവസാന മത്സരം

തീയതി: 2026 സെപ്റ്റംബർ 24

വേദി: എസ്റ്റാഡിയോ ജോസെ അൽവാലാഡ്, ലിസ്ബൻ, പോർച്ചുഗൽ

യുവേഫ നാഷൻസ് ലീഗിൽ വെയിൽസിനെതിരെ നടന്ന കളിയായിരുന്നു ക്രിസ്റ്റ്യാനോയുടെ അവസാന ഔദ്യോഗിക അന്താരാഷ്ട്ര മത്സരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Football Icon Cristiano Ronaldo Bids Farewell to International Football After 234 Matches
Next Story