Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെഡ്ഡിറ്റിൽ ഇനി ലോഗിൻ വേണോ? വായനക്കാർ എന്തുചെയ്യും?

text_fields
bookmark_border
രണ്ട് പതിറ്റാണ്ടിന്റെ തുറന്ന വായനാരീതിക്ക് മാറ്റം
റെഡ്ഡിറ്റിൽ ഇനി ലോഗിൻ വേണോ? വായനക്കാർ എന്തുചെയ്യും?
cancel

ഗൂഗിളിൽ ഒരു സംശയം തിരയുന്നു. ഉത്തരങ്ങൾക്കിടയിൽ റെഡ്ഡിറ്റിലെ ഒരു ചർച്ച കാണുന്നു. ലിങ്ക് തുറക്കുന്നു; ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ആളുകളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും അവിടെ കാത്തിരിക്കുന്നു. ഇതുവരെ അക്കൗണ്ടോ ലോഗിനോ ഇല്ലാതെ വായിച്ചുപോകാമായിരുന്നു. എന്നാൽ ഇനി ആ ലിങ്ക് തുറക്കുമ്പോൾ ആദ്യം ചോദിക്കുക നിങ്ങളുടെ സംശയമോ അഭിപ്രായമോ ആയിരിക്കില്ല, ലോഗിൻ ചെയ്തിട്ടുണ്ടോ?” എന്നായിരിക്കാം. രണ്ട് പതിറ്റാണ്ടിലേറെയായി നിലനിന്ന തുറന്ന വായനാരീതിക്ക് മാറ്റം വരുത്താൻ ഒരുങ്ങുകയാണ് റെഡ്ഡിറ്റ്. വായനക്കാർ ഈ പുതിയ നിബന്ധന അംഗീകരിക്കുമോ, അതോ മറ്റുവഴികൾ തേടുമോ?

ലോഗിൻ നിർബന്ധമാക്കാനുള്ള തീരുമാനം എന്തിന്?

2026 ഒക്ടോബർ 29-ന് പുറത്തുവിട്ട മൂന്നാം പാദ സാമ്പത്തിക റിപ്പോർട്ടിനോടനുബന്ധിച്ചാണ് റെഡ്ഡിറ്റ് സിഇഒ സ്റ്റീവ് ഹഫ്മാൻ ഈ മാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയത്. പ്ലാറ്റ്‌ഫോമിനെ പ്രധാനമായും ലോഗിൻ ചെയ്ത ഉപയോക്താക്കൾക്കായി മാറ്റാനാണ് കമ്പനിയുടെ നീക്കം. ഇതിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്.

1. എ.ഐ ബോട്ടുകളും ഡാറ്റാ ശേഖരണവും

റെഡ്ഡിറ്റിൽ കോടിക്കണക്കിന് പോസ്റ്റുകളും കമന്റുകളും ഉപയോക്താക്കളുടെ അനുഭവങ്ങളും അഭിപ്രായങ്ങളുമുണ്ട്. എ.ഐ മോഡലുകൾക്ക് പരിശീലന ഡാറ്റയായി ഉപയോഗിക്കാവുന്ന വലിയൊരു വിവരശേഖരമാണിത്. അനുമതിയില്ലാതെ ഓട്ടോമേറ്റഡ് ബോട്ടുകൾ വഴി ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നത് തടയാൻ കൂടുതൽ നിയന്ത്രണം വേണമെന്നാണ് കമ്പനിയുടെ നിലപാട്.

ലോഗിൻ നിർബന്ധമാക്കുന്നതിലൂടെ വിവരങ്ങൾ ശേഖരിക്കുന്നവരെ തിരിച്ചറിയാനും നിയന്ത്രിക്കാനും കൂടുതൽ എളുപ്പമാകുമെന്നാണ് റെഡ്ഡിറ്റിന്റെ പ്രതീക്ഷ. അതേസമയം, എല്ലാ എ.ഐ കമ്പനികളും അനധികൃതമായി ഡാറ്റ ശേഖരിക്കുന്നുവെന്ന് ഇതിനർഥമില്ല. ചില കമ്പനികളുമായി റെഡ്ഡിറ്റ് ഔദ്യോഗിക ഡാറ്റാ ലൈസൻസിങ് കരാറുകളിലും ഏർപ്പെട്ടിട്ടുണ്ട്.

2. ഗൂഗിളിൽനിന്നുള്ള സന്ദർശകർ കുറയുന്നു

റെഡ്ഡിറ്റിന്റെ വളർച്ചയ്ക്ക് ഗൂഗിൾ സെർച്ച് വലിയൊരു വഴിയായിരുന്നു. ഒരു ഉൽപ്പന്നത്തെക്കുറിച്ചുള്ള യഥാർഥ ഉപയോക്തൃ അനുഭവമോ സാങ്കേതിക പ്രശ്നത്തിനുള്ള പരിഹാരമോ തേടുമ്പോൾ പലരും സെർച്ച് വാക്കുകൾക്കൊപ്പം 'Reddit' എന്നും ചേർക്കാറുണ്ട്.എന്നാൽ എ.ഐ ഓവർവ്യൂസും ഗൂഗിളിന്റെ എ.ഐ മോഡും പോലുള്ള സംവിധാനങ്ങൾ സെർച്ച് ഫലങ്ങളിൽത്തന്നെ മറുപടികൾ നൽകിത്തുടങ്ങിയതോടെ വെബ്സൈറ്റുകളിലേക്ക് നേരിട്ട് പോകുന്നവരുടെ എണ്ണം കുറയുകയാണ്. 2026 ഒക്ടോബറിൽ മാത്രം ആഴ്ചയിൽ ശരാശരി പത്തുലക്ഷത്തിലധികം സെർച്ച് റഫറലുകൾ കുറഞ്ഞതായി ഹഫ്മാൻ വെളിപ്പെടുത്തിയിട്ടുണ്ട്. അതായത്, ഗൂഗിളിൽനിന്ന് റെഡ്ഡിറ്റിലേക്ക് എത്തുന്ന സന്ദർശനങ്ങളിലാണ് ഇടിവുണ്ടായത്; പത്തുലക്ഷം സ്ഥിരം ഉപയോക്താക്കളെ നഷ്ടപ്പെട്ടുവെന്നല്ല ഇതിന്റെ അർഥം.

ലോഗിൻ നിർബന്ധമാണോ?

ആഗോളതലത്തിൽ ലോഗിൻ നിർബന്ധമാക്കിയിട്ടില്ല. 2026-ന്റെ നാലാം പാദത്തിൽ അമേരിക്കയ്ക്ക് പുറത്തുള്ള തിരഞ്ഞെടുത്ത ചില വിപണികളിൽ പുതിയ രീതി പരീക്ഷിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പരീക്ഷണഫലങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും ആഗോളതലത്തിൽ എങ്ങനെയാണ് നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടതെന്ന് തീരുമാനിക്കുക.

ലോഗിൻ ചെയ്യാത്തവർക്ക് റെഡ്ഡിറ്റിന്റെ ഹോംപേജ് കാണാനാകുമോ, സുഹൃത്തുക്കൾ അയച്ച ലിങ്കുകൾ തുറക്കാനാകുമോ, ഏതൊക്കെ ചർച്ചകൾ വായിക്കാനാകും തുടങ്ങിയ കാര്യങ്ങളിൽ അന്തിമരൂപം പരീക്ഷണത്തിനു ശേഷമായിരിക്കും വ്യക്തമാകുക.


വായനക്കാർ അക്കൗണ്ട് തുടങ്ങുമോ?

കമ്പനിക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണിത്​. റെഡ്ഡിറ്റിൽ സ്ഥിരമായി ചർച്ചകളിൽ പങ്കെടുക്കുന്നവർക്കും പ്രത്യേക വിഷയങ്ങളിലെ കമ്മ്യൂണിറ്റികൾ പിന്തുടരുന്നവർക്കും അക്കൗണ്ട് തുടങ്ങുന്നത് വലിയ തടസ്സമാകണമെന്നില്ല. എന്നാൽ ഗൂഗിളിൽ ഒരു സംശയം തിരഞ്ഞ് യാദൃച്ഛികമായി റെഡ്ഡിറ്റ് ലിങ്കിലെത്തുന്നവരുടെ കാര്യം വ്യത്യസ്തമാണ്.അവർക്ക് ഒരു പ്രത്യേക പ്ലാറ്റ്‌ഫോമിൽ അംഗമാകണമെന്നോ അക്കൗണ്ട് വിവരങ്ങൾ നൽകണമെന്നോ താൽപ്പര്യമുണ്ടാകണമെന്നില്ല. ലോഗിൻ ആവശ്യപ്പെട്ടാൽ ചിലർ അക്കൗണ്ട് തുടങ്ങും. മറ്റുചിലർ ആ പേജ് ഉപേക്ഷിച്ച് മറ്റൊരു വെബ്സൈറ്റിൽ ഉത്തരം തേടും. ഇത്തരത്തിൽ സാധാരണ വായനക്കാരെ നഷ്ടപ്പെടാനുള്ള സാധ്യതയും കമ്പനിയുടെ മുന്നിലുണ്ട്.

യഥാർഥ പേര് നൽകണോ?

വേണ്ട. റെഡ്ഡിറ്റിന്റെ പ്രത്യേകതകളിലൊന്ന് യഥാർഥ വ്യക്തിത്വം വെളിപ്പെടുത്താതെ വ്യാജനാമത്തിൽ ഇടപെടാൻ കഴിയുന്നതാണ്. ലോഗിൻ നിർബന്ധമാക്കിയാലും യഥാർഥ പേര് ഉപയോഗിക്കണമെന്നില്ല. എന്നാൽ അക്കൗണ്ട് വിവരങ്ങളും പ്രവർത്തനങ്ങളും പ്ലാറ്റ്‌ഫോമിന് തിരിച്ചറിയാൻ കഴിയുന്ന രീതിയിലായിരിക്കും.

മൊബൈൽ ആപ്പിലെ ഇൻകോഗ്നിറ്റോ സൗകര്യം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടിൽനിന്ന് പുറത്തുകടക്കാതെതന്നെ കൂടുതൽ സ്വകാര്യതയോടെ റെഡ്ഡിറ്റ് ഉപയോഗിക്കാൻ സഹായിക്കുന്ന രീതിയിലാണ് ഇത് വികസിപ്പിക്കുന്നത്. എന്നാൽ ഈ സൗകര്യം ലോഗിൻ നിയന്ത്രണത്തെ പൂർണമായി മറികടക്കാനുള്ള വഴിയാണെന്ന് കരുതരുത്.

കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാകുമോ?

ഈ മാറ്റത്തിന് പിന്നിൽ ഡാറ്റാ സുരക്ഷ മാത്രമല്ല, ബിസിനസ് താൽപ്പര്യങ്ങളുമുണ്ട്. ലോഗിൻ ചെയ്ത ഉപയോക്താക്കളുടെ താൽപ്പര്യങ്ങളും ഇടപെടലുകളും തിരിച്ചറിയാൻ കമ്പനിക്ക് കൂടുതൽ അവസരം ലഭിക്കും. അതനുസരിച്ച് പരസ്യങ്ങൾ കാണിക്കാനും വ്യക്തിഗത ഫീഡ് ഒരുക്കാനും സാധിക്കും.2026-ലെ മൂന്നാം പാദത്തിൽ റെഡ്ഡിറ്റിന്റെ വരുമാനം 89.5 കോടി ഡോളറായിരുന്നു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 53 ശതമാനം വർധന. പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം 13.03 കോടിയിലെത്തി. ഇതിൽ ലോഗിൻ ചെയ്യാത്തവരും ഉൾപ്പെടുന്നു.

കമ്പനിയുടെ കണക്കനുസരിച്ച്, ലോഗിൻ ചെയ്തവരും ആപ്പ് ഉപയോഗിക്കുന്നവരുമാണ് റെഡ്ഡിറ്റിലെ പരസ്യവരുമാനത്തിന്റെ 80 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത്. അതിനാൽ കൂടുതൽ സന്ദർശകരെ സ്ഥിരം ഉപയോക്താക്കളാക്കി മാറ്റാൻ കഴിഞ്ഞാൽ പരസ്യവരുമാനത്തിലും ഉപയോക്തൃ ഇടപെടലിലും നേട്ടമുണ്ടാക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

സ്ഥിരമായി റെഡ്ഡിറ്റ് ഉപയോഗിക്കുന്നവർക്ക് ഒരു അക്കൗണ്ട് തുടങ്ങുന്നത് വലിയ തടസ്സമാകണമെന്നില്ല. എന്നാൽ ഗൂഗിളിൽ ഒരു സംശയം തിരഞ്ഞ് യാദൃച്ഛികമായി റെഡ്ഡിറ്റ് ലിങ്കിലെത്തുന്നവർക്ക് ലോഗിൻ ഒരു അധിക കടമ്പയാണ്.ഉപയോക്താക്കളെ കൂടുതൽ അടുത്തറിയാനും പരസ്യവരുമാനം വർധിപ്പിക്കാനും റെഡ്ഡിറ്റിന് ഈ മാറ്റം സഹായിച്ചേക്കാം. മറുവശത്ത്, എളുപ്പത്തിൽ വിവരങ്ങൾ വായിച്ചുപോകാൻ കഴിയുന്ന തുറന്ന ഇന്റർനെറ്റ് അനുഭവം നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്. ഒരു സംശയത്തിന് ഉത്തരം തേടി എത്തുന്നവരെ അക്കൗണ്ട് തുടങ്ങാൻ പ്രേരിപ്പിക്കാൻ റെഡ്ഡിറ്റിന് കഴിയുമോ, അതോ ആ നിർബന്ധം വായനക്കാരെ അകറ്റുമോ എന്നറിയില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Reddit Login Rules: What Changes for Readers?
Next Story