Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നിങ്ങൾ വക്കീലിനെ കണ്ടുവെച്ചോളൂ; ഇനി ഞങ്ങളുടെ ഊഴം'; ട്രംപിന് മുന്നറിയിപ്പുമായി ഇൽഹാൻ ഉമർ

text_fields
bookmark_border
Rep. Ilhan Omar addressing cheering supporters during her election night victory celebration in Minneapolis.
cancel
camera_alt

ഇൽഹാൻ ഉമർ


മിനിയാപൊളിസ്: യു.എസ് ജനപ്രതിനിധി സഭയിലേക്ക് നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ 76 ശതമാനത്തിലധികം വോട്ടുകൾ തൂത്തുവാരി വീണ്ടും തകർപ്പൻ വിജയം നേടിയ മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഉമർ, തന്റെ ആദ്യ പ്രതികരണത്തിൽ രൂക്ഷ വിമർശനമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അനുയായികളെ അഭിസംബോധന ചെയ്ത ഇൽഹാൻ, രാജ്യത്തുടനീളം ഡെമോക്രാറ്റുകൾ നേടിയ വമ്പൻ വിജയങ്ങൾ 'വൈറ്റ് ഹൗസിലിരിക്കുന്ന വർഗീയവാദിക്കും അയാളുടെ ചങ്ങാത്ത സംഘത്തിനുമുള്ള ശക്തമായ മുന്നറിയിപ്പാണ്' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ട്രംപിനെതിരെ അതിരൂക്ഷമായ കടന്നാക്രമണം നടത്തി. അവരുടെ രാഷ്ട്രീയ ചതുരംഗക്കളിയിലെ വെറുമൊരു കരുവാകാൻ തങ്ങളെ കിട്ടില്ലെന്നും അവർ തുറന്നടിച്ചു.

ഇൽഹാൻ ഉമറിനെ വ്യക്തിപരമായി അധിക്ഷേപിച്ചും 'മാലിന്യം', 'ദുരന്തം', 'രാജ്യത്തിന് അപമാനം' തുടങ്ങിയ പദപ്രയോഗങ്ങൾ നടത്തിയും സ്വന്തം നാടായ സൊമാലിയയിലേക്ക് മടങ്ങിപ്പോകണമെന്ന് ആക്രോശിച്ചും ട്രംപ് നടത്തിയ നിരന്തര വിദ്വേഷ പ്രചാരണങ്ങൾക്കുള്ള മധുരപ്രതികാരം കൂടിയായി ഇൽഹാനിന്റെ ഈ വൻ ഭൂരിപക്ഷം. 2000-ൽ യു.എസ് പൗരത്വം നേടിയ ഇൽഹാൻ, രാജ്യത്തെ ഏറ്റവും ഉറച്ച ഡെമോക്രാറ്റിക് മണ്ഡലങ്ങളിലൊന്നായ മിനസോട്ടയിലെ 5-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ തനിക്കുള്ള ജനപിന്തുണ ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിച്ചു.

വേട്ടയാടലുകളെ പോളിംഗ് ബൂത്തിൽ തകർത്തെറിഞ്ഞു

തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മുൻപ് മാത്രം പുറത്തുവന്ന രണ്ട് ഫെഡറൽ ക്രിമിനൽ അന്വേഷണങ്ങളും വീട് റെയ്ഡും വോട്ടർമാരെ സ്വാധീനിക്കാൻ പോന്നതായിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തുന്നു. മിനിയാപൊളിസിലും സെന്റ് പോളിലും ആയിരക്കണക്കിന് ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ വിന്യസിച്ച് കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താൻ ട്രംപ് ഭരണകൂടം നടത്തിയ വിവാദ നടപടിയെയും, അതിനെതിരായ ജനകീയ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട റെനി ഗുഡ്, അലക്സ് പ്രെറ്റി എന്നിവരുടെ രക്തസാക്ഷിത്വത്തെയും ഇൽഹാൻ പ്രസംഗത്തിൽ അനുസ്മരിച്ചു. 'ഭരണകൂടം മിനസോട്ടക്കാരെ വേട്ടയാടാൻ ഇറങ്ങിത്തിരിച്ചപ്പോൾ, തെരുവിലിറങ്ങി നമ്മുടെ അയൽക്കാരെ സംരക്ഷിക്കാൻ നമുക്കറിയാമായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടുപെട്ടിയിലൂടെ അവരെ നേരിട്ട് നിഷ്കാസനം ചെയ്തുകൊണ്ട് തക്കതായ മറുപടി നൽകാൻ ഞങ്ങൾക്കറിയാമെന്നും തെളിയിച്ചു,' ഇൽഹാൻ വ്യക്തമാക്കി.

പൗരത്വ രേഖകളിലെ കൃത്രിമത്വവും സാമ്പത്തിക പൊരുത്തക്കേടുകളും ആരോപിച്ചുള്ള ഫെഡറൽ അന്വേഷണങ്ങൾ തന്നെയും തന്റെ വോട്ടർമാരെയും ഭയപ്പെടുത്താനുള്ള വൈറ്റ് ഹൗസിന്റെ ഗൂഢനീക്കമായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. 'എന്നെ വേട്ടയാടാൻ ഇറങ്ങിയപ്പോൾ ഭയന്ന് വിറയ്ക്കുന്ന ഒരാളെ കാണാമെന്നാണ് അവർ കരുതിയത്; എന്നെ ആക്രമിച്ചാൽ എന്റെ സമൂഹം വോട്ട് ചെയ്യാൻ എത്തില്ലെന്ന് അവർ ധരിച്ചു. എന്നാൽ ഇതാ ഇവിടെ നോക്കൂ'.

'ട്രംപ് കുടുംബം വക്കീലന്മാരെ ഒരുക്കിക്കോളൂ'; കനത്ത താക്കീത്

ഒഹായോ, മെയ്ൻ, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സെനറ്റ് തെരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾ നേടിയ വമ്പൻ വിജയങ്ങൾ ചൂണ്ടിക്കാട്ടി, ട്രംപിന്റെ രണ്ട് വർഷത്തെ ഭരണം സൃഷ്ടിച്ച ജനരോഷത്തിന്റെ പ്രതിഫലനമാണിതെന്ന് ഇൽഹാൻ പറഞ്ഞു. ജനപ്രതിനിധി സഭയിലെ ഓവർസൈറ്റ് കമ്മിറ്റിയുടെ ചെയർമാനായി ചുമതലയേൽക്കാനിരിക്കുന്ന കാലിഫോർണിയ പ്രതിനിധി റോബർട്ട് ഗാർഷ്യയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ട്രംപിനും കുടുംബത്തിനും അവർ നേരിട്ട് മുന്നറിയിപ്പ് നൽകി.

"റോബർട്ട് ഗാർഷ്യ പറഞ്ഞതുപോലെ, ട്രംപ് കുടുംബമേ... 'നിങ്ങൾ നല്ല വക്കീലന്മാരെ കണ്ടുവെച്ചോളൂ'. കാരണം മറ്റുള്ളവരെ നിങ്ങൾ നിരന്തരം വേട്ടയാടിയ ആ സുഖവാസകാലം ഇനി അവസാനിക്കുകയാണ്. ഇനി ചോദ്യം ചെയ്യലിന്റെയും സുതാര്യതയുടെയും കാലമാണ്. 2019-ൽ ഡെമോക്രാറ്റുകൾ നിങ്ങളോട് മയത്തിൽ പെരുമാറിയെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, ഇതൊരു പുതിയ ഡെമോക്രാറ്റിക് തലമുറയാണ്... ഇവരെ നേരിടാൻ കാത്തിരുന്നോളൂ!"

സമ്മൻ അയച്ച് ആളുകളെ വിളിച്ചുവരുത്താനും രേഖകൾ പിടിച്ചെടുക്കാനും പരമാധികാരമുള്ള ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈറ്റ് ഹൗസിനെതിരെ അതിശക്തമായ അന്വേഷണങ്ങൾ തുറക്കുമെന്ന സന്ദേശമാണ് ഇൽഹാൻ ഉമറിന്റെ വിക്ടറി സ്പീച്ച് അടിവരയിടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ilhan Omar Calls Trump a 'Bigot' After 76% Landslide Win, Tells Him to 'Lawyer Up'
Next Story