നികുതിവല വിരിക്കാൻ നീക്കം വിദേശരാജ്യങ്ങളിൽ വാണിജ്യ പഠനവുമായി യു.എസ്
text_fieldsവാഷിങ്ടൺ: വിവിധ രാജ്യങ്ങളിലെ ഉൽപാദന മേഖലയും വ്യവസായങ്ങളും വിപണിയും കയറ്റുമതിയും അമേരിക്ക പഠനവിധേയമാക്കുന്നു. വിവിധ രാജ്യങ്ങളുടെ വ്യവസായ നയങ്ങളും സബ്സിഡികളും വേതനഘടനയും കൃഷിക്കും വ്യവസായങ്ങൾക്കും കയറ്റുമതിക്കും ലഭിക്കുന്ന സർക്കാർ പിന്തുണയും അന്വേഷിക്കും. 1974ലെ അമേരിക്കൻ ട്രേഡ് ആക്ടിലെ സെക്ഷൻ 301ന്റെ മറപിടിച്ചാണ് അന്വേഷണം.
അമേരിക്കൻ ഉൽപാദകരെ ബാധിക്കുന്ന വിദേശ രജ്യങ്ങളിലെ ‘അന്യായ നടപടികൾ’ പഠിക്കുന്നുവെന്നാണ് ഇതുസംബന്ധിച്ച് യു.എസ് വ്യാപാര പ്രതിനിധി ജാമിയേസൺ ഗ്രീർ വ്യക്തമാക്കിയത്. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വാണിജ്യ തീരുവ യു.എസ് സുപ്രീംകോടതി റദ്ദാക്കിയതിന്റെ ആഘാതം മറികടക്കാൻ 1974ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 122 പ്രകാരം 10 ശതമാനം ആഗോള തീരുവ ഏർപ്പെടുത്തിയിരുന്നു. 150 ദിവസം മാത്രമാണ് ഇതിന്റെ കാലപരിധി. ജൂലൈ 24ന് ഈ സമയം അവസാനിക്കും. ഇത് മുന്നിൽ കണ്ടാണ് പുതിയ അന്വേഷണമെന്ന് യു.എസ് വ്യാപാര പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ, ചൈന, ഇന്തോനേഷ്യ, മലേഷ്യ, കംബോഡിയ, തായ്ലൻഡ്, ദക്ഷിണ കൊറിയ, വിയറ്റ്നാം, തായ്വാൻ, ബംഗ്ലാദേശ്, മെക്സിക്കോ, ജപ്പാൻ, യൂറോപ്യൻ യൂനിയൻ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, നോർവേ എന്നിവയാണ് അന്വേഷണ പരിധിയിലുള്ള പ്രധാന രാജ്യങ്ങൾ എന്നാണ് വിവരം.
നികുതി വല വിരിക്കാനും സമ്മർദ തന്ത്രങ്ങൾ ശക്തമാക്കാനുമാണ് അമേരിക്കയുടെ നീക്കമെന്ന് ആശങ്ക ഉയരുന്നുണ്ട്. മറ്റു രാജ്യങ്ങൾ കർഷകർക്കും വ്യവസായ മേഖലകൾക്കും നൽകുന്ന ആനുകൂല്യങ്ങൾ സമ്മർദത്തിലൂടെ തടയാൻ യു.എസ് ശ്രമിക്കാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പരിസ്ഥിതി, തൊഴിൽ അവകാശം, മനുഷ്യാവകാശം, വനാവകാശം തുടങ്ങിയവയുടെ പേരിൽ പ്രത്യേക നികുതിയും പിഴയും ഏർപ്പെടുത്താനുള്ള സാധ്യത മുന്നിൽ കാണുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

