ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

വേശുവമ്മ കലയൂരില്‍ തിരിച്ചെത്തിയപ്പോള്‍ രാത്രി ഏഴര കഴിഞ്ഞിരുന്നു. കഞ്ഞിയുണ്ടാക്കട്ടെ എന്ന വേശുവമ്മയുടെ ചോദ്യത്തിന് ആയിക്കോട്ടെ എന്നുതന്നെ മറുപടി പറഞ്ഞു. ‘ശാരിക’യിലെ നോവലുകള്‍ പോലെയല്ല; ഒരു മാസം തുടര്‍ച്ചയായി കുടിച്ചിട്ടും വേശുവമ്മയുടെ കഞ്ഞിയുടെ സ്വാദ് എനിക്കു മടുത്തിട്ടുണ്ടായിരുന്നില്ല. കഞ്ഞി, ചമ്മന്തി, ചുട്ട പപ്പടം. എല്ലാം ഒന്നിനൊന്നു മെച്ചംതന്നെ. പ്രാതലിന് അവരുണ്ടാക്കുന്ന ഓരോ പലഹാരത്തിനും നല്ല സ്വാദാണ്. ഇതുവരെ ഒന്നിനും മടുപ്പുതോന്നിയിട്ടില്ല. ഹോട്ടലിലെ ശാപ്പാട് അങ്ങനെയല്ല. മിനിയാന്നുച്ചക്ക് ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞു: ‘‘ഇതിപ്പോള്‍...
Your Subscription Supports Independent Journalism
View Plansവേശുവമ്മ
കലയൂരില്‍ തിരിച്ചെത്തിയപ്പോള്‍ രാത്രി ഏഴര കഴിഞ്ഞിരുന്നു. കഞ്ഞിയുണ്ടാക്കട്ടെ എന്ന വേശുവമ്മയുടെ ചോദ്യത്തിന് ആയിക്കോട്ടെ എന്നുതന്നെ മറുപടി പറഞ്ഞു. ‘ശാരിക’യിലെ നോവലുകള്‍ പോലെയല്ല; ഒരു മാസം തുടര്‍ച്ചയായി കുടിച്ചിട്ടും വേശുവമ്മയുടെ കഞ്ഞിയുടെ സ്വാദ് എനിക്കു മടുത്തിട്ടുണ്ടായിരുന്നില്ല.
കഞ്ഞി, ചമ്മന്തി, ചുട്ട പപ്പടം. എല്ലാം ഒന്നിനൊന്നു മെച്ചംതന്നെ.
പ്രാതലിന് അവരുണ്ടാക്കുന്ന ഓരോ പലഹാരത്തിനും നല്ല സ്വാദാണ്. ഇതുവരെ ഒന്നിനും മടുപ്പുതോന്നിയിട്ടില്ല.
ഹോട്ടലിലെ ശാപ്പാട് അങ്ങനെയല്ല. മിനിയാന്നുച്ചക്ക് ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞു:
‘‘ഇതിപ്പോള്‍ നമ്മള്‍ ഉണ്ണുന്നത് ഇന്നലെയോ ഇന്നോ ആണെന്ന് സംശയംതോന്നും!’’
എനിക്ക് ആ ഫലിതം ഇഷ്ടമായി. ഹോട്ടലില്‍നിന്നു പകര്‍ച്ച കൊണ്ടുവരുന്ന ചോറിനും കറികള്‍ക്കും എന്നും ഒരേ സ്വാദാണ്. വിഭവങ്ങള്‍ക്കും മാറ്റമില്ല. കുത്തരിച്ചോറ്, സവാളയും ഉരുളക്കിഴങ്ങും ഇട്ട സാമ്പാറ്, കൊത്തവരയ്ക്കയോ കാബേജോ കൊണ്ടൊരു തോരന്‍, രസം, തൈര്, പേരിന് ഒരു പപ്പടം, നാരങ്ങ അച്ചാര്‍. രാത്രി വേശുവമ്മയുടെ കഞ്ഞി കുടിക്കാമല്ലോ എന്നതായിരിക്കും ഉച്ചക്ക് ഉണ്ണുമ്പോള്‍ എനിക്ക് എന്നുമുള്ള ആശ്വാസം.
കഞ്ഞിക്കു മുമ്പ് ഒന്നു കുളിക്കണം. അതിനും മുമ്പ് പോക്കറ്റില്‍ കിടക്കുന്ന മൊബൈല്‍ ഫോണ്‍ വെക്കാന്‍ എന്‍റെ മേശക്കടുത്തേക്ക് നീങ്ങിയതായിരുന്നു. അത് ‘ജമന്തിപ്പൂക്കളു’ടെ കയ്യെഴുത്തുപ്രതിക്കു മീതെ വെയ്ക്കാന്‍ ഭാവിച്ചപ്പോഴാണ് സംശയം തോന്നിയത്:
കൈയെഴുത്തുപ്രതിക്കെട്ടിന് ഇളക്കം തട്ടിയിട്ടുണ്ടോ? വളരെ ശ്രദ്ധിച്ച് അടുക്കിയാണ് ഞാന്‍ വെച്ചിരുന്നത്. ഇപ്പോള്‍ ചെറിയ ഒരനക്കം വന്നതുപോലെയുണ്ട്.
എല്ലാം എടുത്ത് മറിച്ചുനോക്കി. പേജുകളുടെ ക്രമം തെറ്റിയിട്ടില്ല എന്നതു ശരിതന്നെ. എന്നാലും എന്‍റേതല്ലാത്ത ആരുടെയോ കരസ്പര്‍ശമേറ്റതുപോലെ.
അടുക്കളയില്‍ വേശുവമ്മ കഞ്ഞിവെക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.
‘‘വേശ്വമ്മേ, ഞാനിവിടെ ഇല്ലാത്തപ്പോള്‍ ആരെങ്കിലും വന്നിരുന്നുവോ?’’ ഞാന്‍ അടുക്കളയിലേക്ക് ഉറക്കെ വിളിച്ചുചോദിച്ചു.
‘‘ആരു വരാന്‍!’’ വേശുവമ്മ ചിരിച്ചു. ‘‘വല്ലപ്പോഴും വരാറുള്ളത് ചന്ദ്രനാണ്. മോനെ ഇവിടെ കൊണ്ടുവന്നാക്കിയതിനുശേഷം അവന്‍ തിരിഞ്ഞുനോക്കിയിട്ടേയില്ല.’’
എനിക്കു വെറുതെ തോന്നിയതാവാം. എഡിറ്ററുടെ സംശയരോഗം എന്നെയും ബാധിച്ചിട്ടുണ്ടെന്നു തോന്നുന്നു. എനിക്കു ചിരിവന്നു.
എന്നാലും എനിക്കെന്തൊക്കെയോ തോന്നുന്നുണ്ട്. വേശുവമ്മ പറഞ്ഞത് അതേപടി വിശ്വസിക്കാന്‍ എനിക്കാവുന്നില്ല. ഇതുവരെയുള്ള അവരുടെ പെരുമാറ്റത്തില്‍ സംശയാസ്പദമായി ചിലതുണ്ട്.
ആദ്യമാദ്യമൊക്കെ നോവല്‍ പകര്‍ത്തിയെഴുതുന്നത് വേശുവമ്മ ഉറങ്ങിക്കഴിഞ്ഞിട്ടു മതി എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ആര്‍ക്കും പിടികൊടുക്കരുത് എന്ന എഡിറ്ററുടെ താക്കീത് ഓര്‍ത്തിട്ടുതന്നെയാണ് അങ്ങനെ ചെയ്തത്. പക്ഷേ, വേശുവമ്മ അങ്ങനെ നേരത്തേ ഉറങ്ങുന്ന കൂട്ടത്തിലായിരുന്നില്ല. മാത്രമല്ല, എന്‍റെ മുറിയില്‍ വന്ന് ഇടക്കിടെ ഓരോന്ന് അന്വേഷിക്കുകയും പതിവായിരുന്നു. പിന്നെ എനിക്ക് ഒട്ടും പിടിക്കുന്നില്ലെന്നു മനസ്സിലായപ്പോഴാണ് അത് അവസാനിപ്പിച്ചത്.
ഞാന്‍ എന്തോ രഹസ്യമായി ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് വേശുവമ്മ മനസ്സിലാക്കിയതുപോലെയുണ്ട്. എന്‍റെ പണി തീര്‍ന്ന് ഞാന്‍ ഉറങ്ങാന്‍ കിടക്കുന്നതുവരെ അവരും ഉറങ്ങാറില്ല എന്ന് എനിക്കു തോന്നിയിട്ടുണ്ട്. വേശുവമ്മയുടെ മുറിയില്‍നിന്ന് ചുമയോ മറ്റെന്തെങ്കിലും ശബ്ദമോ കേട്ടുകൊണ്ടിരിക്കും. താന്‍ ഉറങ്ങിയിട്ടില്ലെന്ന് എന്നെ ധരിപ്പിക്കാന്‍ വേണ്ടിയാവുമോ അവര്‍ ആ ശബ്ദമെല്ലാം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്ന് സംശയം തോന്നാറുണ്ട്.
ഞാന്‍ അഞ്ചരക്ക് ഉണരുമ്പോള്‍ അവര്‍ അടുക്കളയിലുണ്ടാവും. വൈകാതെ എനിക്കുള്ള കട്ടനുമായി എന്‍റെ മുറിയിലെത്തുകയും ചെയ്യും.
ഇതിനിടക്ക് എപ്പോഴാണ് വേശുവമ്മ ഉറങ്ങുന്നത്? അതോ അവര്‍ ഉറങ്ങാറില്ലെന്നുണ്ടോ?
‘‘വേശ്വമ്മയ്ക്ക് ഉറക്കം കുറവാണെന്നുണ്ടോ?’’ ഒരു ദിവസം ചോദിക്കുകതന്നെ ചെയ്തു.
‘‘പകലൊക്കെ എത്ര വേണ്ടെന്നു വിചാരിച്ചാലും ഉറങ്ങും,’’ വേശുവമ്മ പറഞ്ഞു. ‘‘രാവിലെ മോന്‍ ഇവിടെനിന്ന് പോവുന്ന സമയം വരെ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കും. മോന്‍ പോയി വാതിലടച്ചുകഴിഞ്ഞാല്‍ ഉടനെ ഉറക്കം തുടങ്ങും. ഉച്ചക്ക് വല്ലതും കഴിച്ചുകഴിഞ്ഞാലും ഉറക്കംതന്നെ. വൈകുന്നേരം നാലുമണി വരെ. പിന്നെ എങ്ങനെ ഉറങ്ങാനാണ് രാത്രിയില്‍?’’
‘‘പകല്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരുന്നാല്‍ മതി,’’ ഞാന്‍ പറഞ്ഞു.
‘‘ആയകാലത്ത് എല്ലാം ചെയ്തിരുന്നു. പശുവും ആടും ഒക്കെയുണ്ടായിരുന്നു. അമ്മക്ക് എല്ലാം നിര്‍ബന്ധമായിരുന്നു. പശുവിനെ കറക്കാനും പുല്ലുകൊടുക്കാനും തീറ്റിക്കാനുമൊക്കെ എന്നെയും പഠിപ്പിച്ചിരുന്നു. എനിക്ക് അതൊക്കെ ഇഷ്ടവുമായിരുന്നു. ഇനി ഇഷ്ടമില്ലെങ്കിലും അതൊക്കെ ചെയ്തേ പറ്റുമായിരുന്നുള്ളൂ. ഞങ്ങളുടെ ഉപജീവനംതന്നെ അതായിരുന്നു. പാലും ചാണകവുമൊക്കെ വിറ്റിട്ടാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്.’’
‘‘അതെന്താ? അച്ഛന് ജോലിയൊന്നുമുണ്ടായിരുന്നില്ലേ?’’
‘‘അതൊക്കെ ഒരു തമാശയാണ്,’’ വേശുവമ്മ ചിരിച്ചു.
ഒരു ദേശാടനക്കാരനായിരുന്നു അച്ഛന്‍. വലിയച്ഛന് ചായക്കടയായിരുന്നു. വലിയമ്മയും നല്ലവണ്ണം പണിയെടുക്കും. പക്ഷേ, അവരുടെ കൂടെ താമസിച്ചിരുന്ന അച്ഛന്‍ ഒരുതരത്തിലും അവരെ സഹായിക്കാറില്ലായിരുന്നു. ചായക്കടയുടെ അടുക്കളയില്‍ തളച്ചിടാനുള്ളതല്ല തന്‍റെ ജന്മം എന്ന് വലിയ വായില്‍ പറയും. ഒരു നോട്ടീസുമില്ലാതെ വീടുവിട്ട് ഇറങ്ങും. എവിടേക്കാണെന്ന് അച്ഛനുപോലും അറിയില്ല. മുങ്ങിയാല്‍ പിന്നെ പൊങ്ങുന്നത് എപ്പോഴാണെന്ന് ആര്‍ക്കുമറിയില്ല. പക്ഷേ, ഓരോ വട്ടം വരുമ്പോഴും എന്തെങ്കിലും കുറെ സാധനങ്ങള്‍ അച്ഛന്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടാവും. കൊണ്ടുവന്ന സാധനങ്ങള്‍ തോളിലേറ്റി കച്ചവടം ചെയ്യാനിറങ്ങും. കയ്യിലുള്ളതു തീരുന്നതുവരെയാണ് കച്ചവടം.

പലപ്പോഴും അതു മുഴുവന്‍ വിറ്റുതീരാറില്ല. വില്‍ക്കാന്‍ ശ്രമിക്കാറില്ല എന്നും വേണമെങ്കില്‍ പറയാം. കുറച്ചുകഴിയുമ്പോള്‍ അച്ഛനു മടുക്കും. ബാക്കി വന്നവ വീട്ടില്‍ത്തന്നെ കൂട്ടിയിട്ട് അച്ഛന്‍ വീണ്ടും യാത്രപോവും. പുതിയ എന്തെങ്കിലും വാങ്ങിക്കൂട്ടി തിരിച്ചുവരും. ആ വരവും വലിയൊരു കാഴ്ചയാണ്. റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി സാധനങ്ങള്‍ ഒരു ഉന്തുവണ്ടിയില്‍ കയറ്റിയാണ് വീട്ടിലേക്ക് വരിക. സാധനത്തിന്‍റെ വലിപ്പം അനുസരിച്ചായിരിക്കും അത്. തീരെ ചെറിയ സാധനങ്ങളാണെങ്കില്‍ രണ്ടോ മൂന്നോ ചാക്കുകളിലാക്കി അച്ഛന്‍ത ന്നെ ചുമന്നുകൊണ്ടുവരും. വലിയ കച്ചവടക്കാരനാണ് എന്നൊക്കെ അഭിമാനിച്ചിരുന്നുവെങ്കിലും കാര്യമായ സമ്പാദ്യമൊന്നുമുണ്ടായിട്ടില്ലെന്നാണ് അമ്മ പറയാറുള്ളത്.
അച്ഛന്‍റെ ഈ അരക്കിറുക്കു കാരണം അമ്മ കുറേ സഹിച്ചിട്ടുണ്ട്. അനിയന്‍റെ കിറുക്കു മാറ്റാന്‍വേണ്ടിയാണ് ജ്യേഷ്ഠന്‍ അവന് കല്യാണം നിശ്ചയിച്ചതു തന്നെ. കല്യാണം കഴിഞ്ഞാലെങ്കിലും ഉത്തരവാദിത്തം ഉണ്ടാവും എന്നു കരുതിയത് പിഴച്ചുപോയി. ഫലത്തില്‍ അത് ഒരു പെണ്‍കുട്ടിയെക്കൂടി ദുരിതത്തിലാക്കലായി.
ദേശാടനം കഴിഞ്ഞുവരുമ്പോള്‍ വാങ്ങിക്കൊണ്ടുവരുന്നത് നാട്ടില്‍ കാര്യമായി ആര്‍ക്കും ആവശ്യമില്ലാത്തതായിരിക്കണം എന്ന് അച്ഛനു നിർബന്ധമുള്ളതുപോലെയായിരുന്നു. പുതുമ തോന്നിപ്പിക്കുന്ന കളിപ്പാട്ടങ്ങള്‍, വിചിത്രമായ പാത്രങ്ങള്‍, പല തരത്തിലും നിറത്തിലുമുള്ള പേനകള്‍ എന്നിങ്ങനെ ഒന്നിനൊന്നു വൈവിധ്യം നിറഞ്ഞതായിരുന്നു അവയെല്ലാം. ഏറ്റവും ഒടുവില്‍ വാങ്ങിയത് കാര്യമായി ഒന്നും വിറ്റുതീര്‍ന്നില്ല.
എങ്ങനെ വിറ്റുതീരാനാണ്! നെഹ്റു ധരിച്ചിരുന്നതുപോലുള്ള ഷെര്‍വാണിയും പൈജാമയും ഗാന്ധിത്തൊപ്പികളുമായിരുന്നു അവ. വടക്കെ ഇന്ത്യയിലെവിടെയോ നിന്ന് ലാഭത്തില്‍ ശേഖരിച്ചുകൊണ്ടുവന്നവയായിരുന്നു. അച്ഛനെ ഓർമിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇപ്പോഴും എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെടുക ഷെര്‍വാണിയും പൈജാമയും ധരിച്ച് തലയില്‍ ഗാന്ധിത്തൊപ്പിവെച്ച് നില്‍ക്കുന്ന ഒരാളാണ്. റോസാപ്പൂവുപോലും എവിടെനിന്നെങ്കിലും സംഘടിപ്പിച്ച് ബട്ടണ്‍ഹോളില്‍ കുത്തുമായിരുന്നു.
അച്ഛന്‍ കുള്ളനായിരുന്നു. അഞ്ചടി പത്തിഞ്ച് ഉയരമുള്ള നെഹ്റുവിന്‍റെ ആകാരവുമായി ഒരു പൊരുത്തവുമുണ്ടായിരുന്നില്ല അച്ഛന്‍റെ രൂപത്തിന്. തനിക്കു പാകമല്ലാത്ത വേഷത്തില്‍ അച്ഛന് ഒരു കോമാളിയുടെ ഛായയായിരുന്നു. ഷെര്‍വാണിയും തൊപ്പികളും വിറ്റുതീര്‍ക്കാന്‍ കഴിയാതെ വന്നതോടെ അച്ഛന്‍ വീട്ടിലിരിപ്പായി. അതായിരുന്നു അച്ഛന്‍ നടത്തിയ അവസാനത്തെ കച്ചവടം.
‘‘ഇവിടെ വന്ന ദിവസം ഞാന്‍ മോനോടു പറഞ്ഞില്ലേ ഈ വീട്ടില്‍ തുറക്കാത്ത ഒരു മുറിയുണ്ടെന്ന്? ആ മുറി കണ്ടാല്‍ മോന് കഥയൊക്കെ ബോധ്യപ്പെടും.’’
വേശുവമ്മ എഴുന്നേറ്റ് എന്നോട് കൂടെ വരാന്‍ ആവശ്യപ്പെട്ടു. തുരുമ്പുപിടിച്ച ഒരു താഴിട്ട് പൂട്ടിയിരിക്കുകയായിരുന്നു ആ മുറി. അല്‍പം പണിപ്പെട്ട് വേശുവമ്മ പൂട്ടു തുറന്നു.
ജനാലകളൊന്നുമില്ലാത്തതിനാല്‍ ഇരുട്ടടച്ച മുറിയായിരുന്നു അത്. എനിക്ക് പെട്ടെന്ന് അതില്‍ ഒന്നും കണ്ടെത്താനായില്ല.
‘‘ഒന്ന് ലൈറ്റിടാമോ വേശ്വമ്മേ?’’ ഞാന്‍ ചോദിച്ചു.
‘‘ഇതില്‍ വിളക്കൊന്നും പിടിപ്പിച്ചിട്ടില്ല,’’ വേശുവമ്മ പറഞ്ഞു. ‘‘കുറച്ചു കഴിയുമ്പോള്‍ മോന് എല്ലാം കാണാനാവും.’’
ശരിയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ ഓരോന്നോരോന്നായി എല്ലാം തെളിഞ്ഞുവന്നു.
പലതരത്തിലും നിറത്തിലുമുള്ള ചെറിയ ചെറിയ കുപ്പികള്‍, വായ് ഈയംകൊണ്ട് മൂടിക്കെട്ടിയ കുറച്ചു പിച്ചള മൊന്തകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, നിലച്ച ക്ലോക്കുകള്‍, പേനകള്‍, നിറംമങ്ങിയ കണ്ണാടികള്‍, കഫ് ലിങ്കുകള്‍, പലതരം കല്ലുമാലകള്‍, പേഴ്സുകള്‍, ചീപ്പുകള്‍, തുരുമ്പു പിടിച്ച ആണികള്‍, കവടിപ്പിഞ്ഞാണങ്ങള്‍, ഉളികള്‍, സ്ക്രൂഡ്രൈവര്‍, കൊലര്, തൂമ്പ, കൈക്കോട്ട്, പേനക്കത്തികള്‍, പൊട്ടിപ്പോയ ചീനഭരണികള്‍...
വിവിധതരത്തിലുള്ള ഊന്നുവടികള്‍ ഒരു മൂലയില്‍ കൂടിക്കിടക്കുന്നുണ്ട്. അറ്റം വളഞ്ഞത്, വെള്ളി കെട്ടിയത്, സിംഹത്തിന്‍റെ തലയുള്ളത്, പൂക്കളുടെ രൂപംകൊത്തിയത്...
അകത്തേക്ക് കാലെടുത്തു വെക്കാന്‍പോലും ഇടമില്ലാതെ എല്ലാം നിലത്ത് കൂടിക്കലര്‍ന്നുകിടക്കുകയാണ്.
‘‘അച്ഛന്‍റെ സ്മാരകമാണ്,’’ വേശുവമ്മ ചിരിച്ചു. എങ്കിലും അപ്പോള്‍ ആ പഴങ്കണ്ണുകളില്‍ നിറയെ സങ്കടമാണ് എന്ന് എനിക്കു തോന്നി.
വിറ്റുതീരാത്ത ഉരുപ്പടികള്‍. ഞാന്‍ അവയിലേക്ക് കുറച്ചുനേരം നോക്കിനിന്നുപോയി.
കൂട്ടത്തില്‍ ചില പുസ്തകങ്ങളും കണ്ടുവെന്ന് എനിക്കു തോന്നി.
‘‘അച്ഛന്‍ പുസ്തകക്കച്ചവടവും നോക്കിയിട്ടുണ്ടോ?’’
‘‘അച്ഛന്‍ പരീക്ഷിച്ചുനോക്കാത്തതൊന്നുമില്ല,’’ വേശുവമ്മ പറഞ്ഞു. ‘‘ഒരുതവണ ദേശാടനം കഴിഞ്ഞുമടങ്ങിവന്നപ്പോള്‍ രണ്ട് പെട്ടി നിറയെ പുരാണപുസ്തകങ്ങളായിരുന്നു. അതും നാട്ടില്‍ വില്‍ക്കാന്‍ പറ്റുന്നതു വല്ലതുമാണോ? ഹിന്ദിയിലും സംസ്കൃതത്തിലുമുള്ള പുസ്തകങ്ങള്‍. ഒരെണ്ണംപോലും വിറ്റില്ല. എല്ലാം ഇവിടെ കെട്ടിക്കിടക്കുന്നു. ഇതാ കണ്ടില്ലേ?’’
അതിലെ ചില പുസ്തകങ്ങള്‍ എടുത്തു നോക്കാമെന്നു കരുതി ഞാന്‍ അകത്തേക്ക് കടന്നു.
‘‘നല്ല പൊടിയുണ്ടാവും മോനേ. സൂക്ഷിച്ചിട്ട് എടുത്താല്‍ മതി.’’
വേശുവമ്മ പറഞ്ഞതു ശരിയായിരുന്നു. നല്ല പൊടിയുണ്ട്. ഒരു പുസ്തകം കൈയിലെടുത്തപ്പോള്‍ത്തന്നെ ഞാന്‍ ശക്തിയായി തുമ്മി.
ഞാന്‍ കൈയിലെടുത്ത പുസ്തകം പക്ഷേ ഹിന്ദിയോ സംസ്കൃതമോ ആയിരുന്നില്ല. ഒരു ഇംഗ്ലീഷ് പുസ്തകമായിരുന്നു.
I Wandered Lonely as a Cloud
വില്യം വേഡ്സ് വര്‍ത്തിന്‍റെ കവിതാപുസ്തകം.
I wandered lonely as a cloud
That floats on high o'er vales and hills,
When all at once I saw a crowd,
A host of golden daffodils;
Beside the lake, beneath the trees,
Fluttering and dancing in the breeze.
പേജുകള്‍ മഞ്ഞച്ചുപോയിട്ടുണ്ട്. മറിച്ചാല്‍ കീറിപ്പോവുമെന്നു തോന്നി. ഞാന്‍ അത് പുസ്തകങ്ങളുടെ കൂട്ടത്തിലേക്ക് തന്നെ വെച്ചു.
‘‘വേശ്വമ്മ സ്കൂളില്‍ പഠിച്ചിട്ടുണ്ടോ?’’ രാത്രി കഞ്ഞി കുടിക്കാനിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.
എന്‍റെ അടുത്ത് കുന്തിച്ചിരുന്ന് കഞ്ഞിയും പുഴുക്കും കിണ്ണത്തിലേക്ക് വിളമ്പുകയായിരുന്നു വേശുവമ്മ.
‘‘പഠിച്ചിട്ടുണ്ട് എന്നും ഇല്ല എന്നും പറയാം.’’ വേശുവമ്മ ചിരിച്ചു.
‘‘അതെന്താ അങ്ങനെ?’’
‘‘ഞാന്‍ പറഞ്ഞില്ലേ? വീട്ടില്‍ അതിനുള്ള ചുറ്റുപാടുകളൊന്നുമുണ്ടായിരുന്നില്ല. അമ്മ വലിയച്ഛന്‍റെ ചായക്കടയില്‍ അവരെ സഹായിക്കാന്‍ നില്‍ക്കുമായിരുന്നു. പക്ഷേ, അവിടന്ന് കാര്യമായൊന്നും അമ്മയ്ക്കു കൊടുത്തിരുന്നില്ല. സ്വന്തം കുടുംബമാണല്ലോ എന്നതായിരുന്നു ന്യായം. അതുകൊണ്ട് ഭക്ഷണത്തിന് വലിയ മുട്ടൊന്നും ഉണ്ടായിരുന്നില്ല. എന്നാലും കയ്യില്‍ പണം ഉണ്ടായിരുന്നില്ല. വല്ലതും ഉണ്ടായിരുന്നത് വട്ടച്ചെലവുകള്‍ക്കുപോലും തികഞ്ഞിരുന്നില്ല. പിന്നെയല്ലേ ഫീസിനും പുസ്തകത്തിനുമുള്ള പണം! പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അമ്മ എന്നോട് പഠിച്ചതു മതി എന്നു പറഞ്ഞു.’’
‘‘എന്നാലും എഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ടല്ലോ.’’
‘‘മോന്‍റെ ചോദ്യത്തിന്‍റെ അർഥം എനിക്കു മനസ്സിലായി,’’ വേശുവമ്മ ചിരിച്ചു. ‘‘മോനെഴുതിയത് വായിച്ചുനോക്കിയത് ഞാനാണോ എന്നറിയാനല്ലേ!’’
‘‘അങ്ങനെത്തന്നെയാണെന്നു കൂട്ടിക്കോളൂ.’’ ഞാനും ചിരിച്ചു. ‘‘എന്നാലും ഉത്തരം പറഞ്ഞില്ല.’’
‘‘വായിക്കാനൊക്കെ അറിയാം. പക്ഷേ, ഏകദേശം പത്തുകൊല്ലമായി ഞാന്‍ ഒന്നും വായിച്ചിട്ടില്ല. കണ്ണുപിടിക്കാതായിട്ട് അത്രയും കാലമായി. ദാ, ഇപ്പോള്‍ മോന്‍റെ മുഖം എനിക്കു കഷ്ടിച്ചു കാണാമെന്നേയുള്ളൂ. ഒന്നും വ്യക്തമായി കാണാന്‍ പറ്റുന്നില്ല.’’
‘‘കണ്ണു ഡോക്ടറെ കാണിച്ചില്ലേ?’’
‘‘എന്തിന്?’’ വേശുവമ്മ ചിരിച്ചു. ‘‘ഇതുവരെ കണ്ടതൊക്കെ ധാരാളമായി മോനേ.’’
നോവലിന്‍റെ കൈയെഴുത്തുപ്രതി വേശുവമ്മ വായിച്ചിട്ടില്ല എന്നത് എനിക്കു വലിയ ആശ്വാസം തന്നു. എന്‍റെ ശ്രദ്ധക്കുറവുകൊണ്ട് ഒരപകടവും സംഭവിച്ചിട്ടില്ലല്ലോ. ആരും ഈ വീട്ടിലേക്ക് വരാറില്ലെന്നതും എനിക്കുറപ്പാണ്. എല്ലാം ഞാന്‍ വെറുതെ ആലോചിച്ചുകൂട്ടിയതാണ്.
അങ്ങനെയൊക്കെ സ്വയം ഉറപ്പിച്ചുവെങ്കിലും രാത്രി എനിക്ക് ശരിക്കുറങ്ങാന്‍ കഴിഞ്ഞില്ല. ഇത്രയൊക്കെ കരുതലുണ്ടായിട്ടും എന്‍റെ ഭാഗത്തുനിന്ന് ഒരു പിഴവുണ്ടായിരിക്കുന്നു എന്ന തോന്നല്‍ എന്നെ ബാധിച്ചു. നോവല്‍ എഡിറ്ററും കാര്‍ത്തികേയന്‍ സാറും ഞാനുമല്ലാതെ മൂന്നാമതൊരാള്‍ വായിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പിക്കാന്‍ കഴിയുന്നില്ല. ഇത് ഞാന്‍ വെളിപ്പെടുത്താതെ എഡിറ്റര്‍ അറിയാന്‍ പോവുന്നില്ലെന്നതു ശരിതന്നെ. പക്ഷേ -
വേശുവമ്മയെ വിശ്വസിക്കാമെന്നു തന്നെവെക്കുക. എന്നാലും തുടര്‍ന്നുള്ള അധ്യായങ്ങള്‍ ഇവിടെ സൂക്ഷിക്കുന്നത് സുരക്ഷിതമായിരിക്കില്ല. പക്ഷേ എവിടെ? കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടില്‍ വെക്കുന്നത് ഒട്ടും ശരിയാവില്ല. ‘മനോമയ’ത്തിന്‍റെ ദൂതന്‍ എപ്പോഴാണ് അവിടെ എത്തിപ്പെടുക എന്നറിയില്ല.
എപ്പോഴും കൂടെക്കൊണ്ടുനടക്കുന്നത് പ്രായോഗികമല്ല. രാവിലത്തെ നടത്തത്തിനു പോവുമ്പോഴെങ്കിലും അത് ഇവിടെവെച്ച് പോകേണ്ടിവരും.
ലോഡ്ജില്‍ കൊണ്ടുവെച്ചാലോ?
ഓരോ ദിവസവും എഴുതിത്തീരുന്നത് അവിടെ കൊണ്ടുവെക്കുന്നത് ഒട്ടും പ്രായോഗികമല്ല.
എനിക്ക് ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല.
അല്ലെങ്കിലും ഈ കൈയെഴുത്തുപ്രതിയുടെ ആവശ്യമൊന്നുമില്ല. കാര്‍ത്തികേയന്‍ സാറിനെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഇത് എഴുതിവെക്കുന്നത്. ഇരട്ടിപ്പണിയായിട്ടുകൂടി അതു തുടര്‍ന്നുപോവുന്നത് അതുകൊണ്ടാണ്.
ഇപ്പോഴാവട്ടെ അത് ഒരു ബാധ്യതയായിരിക്കുന്നു. കരുതലോടെ സൂക്ഷിച്ചുവെക്കേണ്ട സ്വത്തായിരിക്കുന്നു.
നോവലെഴുത്ത് ഇനി അധികം നീട്ടിക്കൊണ്ടുപോവരുതെന്ന് എഡിറ്റര്‍ പറഞ്ഞത് ശരിയാണ്. നീണ്ടുപോകും തോറും ഇത്തരം പുതിയ പുതിയ ദുര്‍ഘടങ്ങള്‍ വന്നുപെടും. കാര്‍ത്തികേയന്‍ സാറിന്‍റെ മനസ്സില്‍നിന്ന് കഴിയുന്നത്ര വേഗം എല്ലാം ഊറ്റിയെടുക്കണം. ഇന്നു മുതല്‍ കൂടുതല്‍ സമയം ഇരിക്കണം.
രാവിലെ നേരത്തേ എഴുന്നേറ്റു. നടത്തത്തിനിടയിലെ പതിവുകാഴ്ചകളോടൊപ്പം ദാമുവേട്ടനെയും കണ്ടു. പക്ഷേ, ഇന്നെനിക്ക് ഒന്നും സംസാരിക്കണമെന്നു തോന്നിയില്ല. തിരക്കുണ്ടെന്നു പറഞ്ഞ് വേഗം തിരിച്ചുപോരുകയാണുണ്ടായത്.
കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടിലേക്ക് നടക്കുമ്പോള്‍ നോവലിന്‍റെ കൈയെഴുത്തുപ്രതി ഒരു പ്ലാസ്റ്റിക് ഫോള്‍ഡറിലാക്കി ബാക്പാക്കില്‍ തിരുകിവെച്ചു. കഴിയുന്നത്ര സമയം ഇത് എന്‍റെ കൈയില്‍ത്തന്നെ വെക്കുകയാണ് നല്ലത്.
കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടിലെത്തുമ്പോള്‍ അദ്ദേഹത്തെ സിറ്റൗട്ടില്‍ കണ്ടില്ല. സാധാരണ ഈ സമയത്ത് അദ്ദേഹം സിറ്റൗട്ടിലെ കസേരയിലിരുന്ന് പത്രം വായിക്കുകയായിരിക്കും.
വീണ്ടും അസുഖം ബാധിച്ചുവോ? ഇനിയും മുടക്കുകള്‍ വന്നാല്‍ എന്‍റെ പദ്ധതിയൊക്കെ പൊളിഞ്ഞുപോവും.
ഞാന്‍ സിറ്റൗട്ടിലേക്ക് കയറി.
അപ്പോഴാണ് വാതിലിലെ പൂട്ടു കണ്ടത്. കാര്‍ത്തികേയന്‍ സാര്‍ വീട് പൂട്ടി പോയിരിക്കുന്നുവെന്നോ?
ചുറ്റുമുള്ള തൊടിയിലൊക്കെ നടന്നു നോക്കി. ഇനി അഥവാ നടക്കാന്‍ ഇറങ്ങിയിട്ടുണ്ടാവുമോ? ഇതുവരെ അങ്ങനെയൊരു പതിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ലല്ലോ.
വരട്ടെ. കുറച്ചുനേരം കാക്കാം. വല്ല ആവശ്യത്തിനും പുറത്തുപോയതാണെങ്കില്‍ വൈകാതെ തിരിച്ചുവരുമല്ലോ.
സരോജിനിയും എത്തിയിട്ടില്ല. അവര്‍ സ്വതേ ഞാന്‍ എത്തുന്നതിനു മുമ്പേ എത്തി പണികള്‍ തുടങ്ങാറുള്ളതാണ്.
ബാക്പാക്ക് അഴിച്ചുവെച്ച് ഞാന്‍ സിറ്റൗട്ടിലെ തിണ്ണയില്‍ ഇരിക്കാന്‍ തുടങ്ങുകയായിരുന്നു.
അപ്പോഴാണ് ഒരു ഫ്ലാസ്ക് തറയില്‍ ഇരിക്കുന്നതു ശ്രദ്ധിച്ചത്. രാവിലത്തേക്കുള്ള ചായ കൊണ്ടുവന്നതാവണം. ഞാനതു തുറന്നു നോക്കി. ചായ തണുത്തിരിക്കുന്നു.
അപ്പോള്‍ ഇത് ഇന്നലെ വൈകുന്നേരം കൊണ്ടുവന്ന ചായയാണോ? അങ്ങനെയാണെങ്കില്‍ ഇന്നലെ നാലു മണിക്കു മുമ്പ് കാര്‍ത്തികേയന്‍ സാര്‍ സ്ഥലം വിട്ടുവെന്നല്ലേ കരുതേണ്ടത്? മാവേലിക്കരയിലേക്ക് പെട്ടെന്ന് തിരിച്ചുപോവേണ്ട വല്ല അത്യാവശ്യവും വീട്ടില്‍ സംഭവിച്ചിട്ടുണ്ടാവുമോ? മിനിയാന്ന് അങ്ങനെയുള്ള ഒരു സൂചനയും കിട്ടിയിരുന്നില്ലല്ലോ.
അല്ലെങ്കില്‍ മാവേലിക്കരയിലേക്ക് തന്നെയാണ് പോയതെന്ന് എന്താണ് നിശ്ചയം?

ആരോടു ചോദിക്കാനാണ്!
എന്തു ചെയ്യണമെന്ന് തീരുമാനിക്കാനാവാതെ തിണ്ണയിലിരിക്കുമ്പോള്‍ ഗേറ്റ് ആരോ തുറക്കുന്ന ശബ്ദം കേട്ടു.
സരോജിനിയായിരുന്നു. അവര്‍ തിരക്കിട്ടാണ് വരുന്നത്. വൈകിയതുകൊണ്ടാവണം. വൈകിയാല്‍ കാര്‍ത്തികേയന്‍ സാര്‍ ചീത്ത പറയും.
‘‘എന്താ കുട്ടീ തിണ്ണയിലിരിക്കുന്നത്?’’ അടുത്തെത്തിയപ്പോള്‍ അവര്‍ ചോദിച്ചു. ‘‘കാര്‍ത്തികേയൻ സാറ് എഴുന്നേറ്റിട്ടില്ലേ?’’
‘‘സാറ് അകത്തില്ലല്ലോ. വീട് പൂട്ടിയിരിക്കുന്നു.’’
‘‘അതാ ഇപ്പോള്‍ നന്നായത്,’’ സിറ്റൗട്ടിലേക്ക് കയറിവന്ന് വാതിലിലെ പൂട്ട് പരിശോധിച്ചുകൊണ്ട് സരോജിനി പറഞ്ഞു. ‘‘ഇന്നലെ സാറിന്‍റെ ഉച്ചയൂണു കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകിവെച്ചിട്ടാണ് ഞാന്‍ ഇവിടന്നുപോയത്. പോകുന്ന കാര്യമൊന്നും അപ്പോള്‍ എന്നോട് പറഞ്ഞിരുന്നില്ലല്ലോ.’’
നോവല്‍ പറഞ്ഞുതന്നിരുന്നതിനിടക്ക് അത് പെട്ടെന്നു നിര്‍ത്തി മാവേലിക്കരയിലേക്ക് പോകണമെങ്കില്‍ എന്തെങ്കിലും അത്യാവശ്യമുണ്ടായിട്ടാവണം. എന്നെ വിളിച്ചുപറയാന്‍ കാര്‍ത്തികേയന്‍ സാര്‍ എന്‍റെ ഫോണ്‍ നമ്പര്‍ വാങ്ങിവെച്ചിട്ടില്ല. ഞാന്‍ സാറിന്‍റെയും വാങ്ങിയിട്ടില്ല. അതിന്‍റെ ആവശ്യം തോന്നിയില്ലെന്നതാണ് കാരണം. എന്നും കാണുന്നതാണല്ലോ എന്നുകരുതി അക്കാര്യമൊന്നും ഓർമിച്ചതേയില്ല. ഇത്തരം ദൗത്യത്തില്‍ എടുക്കേണ്ട കരുതലുകള്‍ പലതും ഞാനിനിയും പഠിക്കാനിരിക്കുന്നതേയുള്ളൂ. ഓരോ പിഴവും ഓരോ പാഠമാണ്.
‘‘പെട്ടെന്നെടുത്ത തീരുമാനമാവണം,’’ സരോജിനി അഭിപ്രായപ്പെട്ടു.
‘‘അകത്ത് വല്ല എഴുത്തും എഴുതിവെച്ചിട്ടുണ്ടാവുമോ?’’ ഞാന്‍ സംശയിച്ചു.
‘‘ഞാന്‍ ഒരു കാര്യംചെയ്യാം,’’ സരോജിനി പറഞ്ഞു, ‘‘വീട്ടില്‍ പോയി താക്കോല്‍ എടുത്തുകൊണ്ടുവരാം.’’
സരോജിനി താക്കോലുമായി വരുന്നതു വരെ ഞാന്‍ തിണ്ണയില്‍ത്തന്നെ ഇരുന്നു.
അകത്തു കയറി പരിശോധിച്ചിട്ടും എവിടെനിന്നും ഒരു കടലാസുതുണ്ടുപോലും കണ്ടുകിട്ടിയില്ല. ടീപ്പോയില്‍ കിടന്നിരുന്ന വാരികകള്‍ക്കുകൂടി ഒരനക്കം ഉണ്ടായിട്ടില്ല.
പെട്ടെന്നു തീരുമാനിച്ചു പോയതുതന്നെയാവണം.
‘‘ലീലാവതിച്ചേച്ചിയുടെ നമ്പര്‍ എന്‍റെ ഫോണിലുണ്ട്,’’ സരോജിനി പറഞ്ഞു. ‘‘ഞാന്‍ മാവേലിക്കരക്ക് വിളിച്ചിട്ട് കുട്ടിയുടെ കയ്യില്‍ തരട്ടെ?’’
തല്‍ക്കാലം വേണമെന്ന് എനിക്കു തോന്നിയില്ല. എഡിറ്ററെ വിവരം അറിയിക്കുകയാണ് ആദ്യം വേണ്ടത്. എല്ലാം അപ്പപ്പോള്‍ അറിയിക്കണമെന്നാണല്ലോ എഡിറ്റര്‍ പറഞ്ഞിട്ടുള്ളത്.
മൊബൈല്‍ കൈയിലെടുത്ത് ഡയല്‍ ചെയ്യാന്‍ തുടങ്ങിയെങ്കിലും പെട്ടെന്ന് അപകടം മണത്തു. സരോജിനിയുടെ മുന്നില്‍നിന്ന് എഡിറ്ററോടു സംസാരിക്കുന്നത് ശരിയാവില്ല.
അല്ലെങ്കില്‍ ഇപ്പോള്‍ സംസാരിച്ചിട്ട് എന്തു കിട്ടാനാണ്?
രണ്ടു ദിവസംകൂടി കാക്കാം.
അതിനിടയില്‍ കാര്‍ത്തികേയന്‍ സാര്‍ തിരിച്ചുവന്നാലോ?
‘‘ഞാനേതായാലും പണികള്‍ തുടങ്ങട്ടെ,’’ വര്‍ക്ക് ഏരിയയില്‍നിന്ന് ചൂല് ൈകയിലെടുത്ത് സരോജിനി പറഞ്ഞു. ‘‘സാറിനെ വിശ്വസിക്കാന്‍ വയ്യ. ചിലപ്പോള്‍ ചില പരീക്ഷകളൊക്കെ നടത്താറുണ്ട്. സാറില്ലെങ്കിലും വീട് വൃത്തിയായി നോക്കുന്നുണ്ടോ എന്നുള്ള പരിശോധനയാണ്. എപ്പോഴാണ് കയറിവരുന്നതെന്നറിയില്ല.’’
സരോജിനി ചൂലുമായി മുറ്റത്തേക്കിറങ്ങി.
