അപ്പോൾ മോദി?
camera_altനരേന്ദ്ര മോദി
അമേരിക്കയുടെ ലോക പൊലീസ് ചമയൽ അസഹ്യമായ തലത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തം. വെനിസ്വേലക്ക് മേലുള്ള നേരിട്ട കടന്നുകയറ്റവും ഇറാനെ ആക്രമിക്കാനുള്ള നീക്കവും എല്ലാം അതിന്റെ തുടർച്ചയാണ്. രാജ്യാന്തര രാഷ്ട്രീയനിരീക്ഷകർ മൊത്തത്തിൽ ശരിവെക്കുന്ന ഒന്നാണ് ഏകദേശം ഉന്മാദദേശീയതയോളം വളർന്നിരിക്കുന്നു ട്രംപിന്റെ വിദേശ ഇടപെടലും നയവും എന്ന കാര്യം.
ഫെബ്രുവരി രണ്ടിന് അമേരിക്കയും ഇന്ത്യയും തമ്മിൽ ഉണ്ടാക്കിയതായി പറയപ്പെടുന്ന വ്യാപാര കരാർ ട്രംപിന്റെ ആ ഉന്മാദദേശീയ വെറിയോട് ഒത്തുപോകുന്നതാണ്. നേരിട്ടുള്ള അധിനിവേശത്തിന് പകരം പുത്തൻ കൊളോണിയൽ കൊള്ള അടിച്ചേൽപിക്കൽ. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ഇന്ത്യ-യു.എസ് വ്യാപാര കരാറായത്. കരാറിനെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണ് ‘ട്രൂത്തി’ലൂടെ അറിയിച്ചത്. ഈ വ്യാപാര കരാർ ഏകപക്ഷീയവും ഇന്ത്യയുടെ വ്യാപാര സ്വാതന്ത്ര്യത്തിൻമേലുള്ള നഗ്നമായ കടന്നുകയറ്റവുമാണ്.
ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം പകരത്തീരുവ 18 ശതമാനമാക്കി അമേരിക്ക താഴ്ത്തിയെന്നുമാത്രം. എന്നാൽ, ഇന്ത്യയിലേക്കുള്ള അമേരിക്കൻ ഇറക്കുമതിക്ക് തീരുവ പൂജ്യം ശതമാനമായിരിക്കും. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കും. യു.എസിൽനിന്ന് കൂടുതൽ എണ്ണ വാങ്ങും. രണ്ടാമതും അധികാരത്തിൽവന്ന ട്രംപ് വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ഇന്ത്യക്കുമേൽ 25 ശതമാനമാണ് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരുന്നത്. റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരെ 25 ശതമാനം അധികമായി പിഴത്തീരുവയും ഏർപ്പെടുത്തി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം വഷളായി. യൂറോപ്യൻ യൂനിയനുമായും ഏതാനും യൂറോപ്യൻ രാജ്യങ്ങളുമായും ഇന്ത്യ വ്യാപാര കരാറിൽ ഏർപ്പെടാൻ തുടങ്ങി. അതിനിടയിലാണ് ട്രംപിന്റെ പ്രഖ്യാപനം. കരാർ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഫെബ്രുവരി 2ന് ഫോണിൽ സംസാരിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
യു.എസിൽനിന്നുള്ള ഇറക്കുമതി വർധിപ്പിക്കാൻ മോദി സമ്മതിച്ചുവെന്ന് ട്രംപ് ‘ട്രൂത്തി’ൽ കുറിച്ചു. ഇതുവഴി 50,000 കോടി ഡോളറിന്റെ അധിക വ്യാപാരം നടക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. ട്രംപ്-മോദി സംഭാഷണം ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യക്ക് പകരം അമേരിക്കയിൽനിന്ന് ഏകദേശം 500 ബില്യൺ ഡോളറിന്റെ ഊർജം, സാങ്കേതികവിദ്യ, കാർഷിക ഉൽപന്നങ്ങൾ എന്നിവ വാങ്ങാൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. കരാറിന്റെ ഭാഗമായി അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന പല നികുതികളും നിയന്ത്രണങ്ങളും ഒഴിവാക്കും.
കരാറിലൂടെ അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് ഇന്ത്യൻ ഭരണകൂടത്തിന്റെ വാദം. ആഗോള നിക്ഷേപകർക്ക് ഇന്ത്യയിലുള്ള വിശ്വാസം വർധിക്കുമെന്നും ‘ചൈന പ്ലസ് വൺ’ നയം വഴി കൂടുതൽ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
എന്നാൽ, കരാറിൽ സംഭവിച്ചിരിക്കുന്നത് ഇന്ത്യയുടെ വിദേശനയത്തിലെ സമ്പൂർണമായ കീഴടങ്ങലാണ്. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് 18 ശതമാനം തീരുവ ചുമത്തുമ്പോൾ തിരിച്ചുള്ള ഇറക്കുമതിക്ക് തീരുവ വേണ്ടേ? ഇന്ത്യൻ വ്യവസായ-വിപണിയെ പിന്നെയാരാണ് സംരക്ഷിക്കുക. അമേരിക്കക്ക് അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കാൻ തീരുവ ചുമത്താം. എന്തുകൊണ്ട് ഇന്ത്യക്ക് അതായിക്കൂടാ? മാത്രമല്ല, ആരിൽനിന്ന് എണ്ണ വാങ്ങണം എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യ തന്നെയാണ്. മറ്റൊരു രാജ്യമല്ല. വാസ്തവത്തിൽ മോദി സർക്കാർ ട്രംപിനു മുന്നിൽ മുട്ടുമടക്കിയിരിക്കുന്നു. മോദിയല്ല, ട്രംപാണ് കാര്യങ്ങൾ തീരുമാനിക്കുക എങ്കിൽ എന്താണ് വരാൻ പോകുന്ന ദിനങ്ങൾ?
